ഇനിയവർ പങ്കാളികളല്ല, ശത്രുക്കൾ, ലോറൻസ് ബിഷ്‌ണോയിയും ഗോൾഡി ബ്രാറും രണ്ട് വഴിക്ക്, പൊലീസിന് തലവേദന കൂടും

ഡൽഹി: ആഗോള തലത്തിൽ തന്നെ കുപ്രസിദ്ധരായ അധോലോക ക്രമിനലുകളായ ലോറൻസ് ബിഷ്ണോയിയും ഗോൾഡി ബ്രാറും തമ്മിലുള്ള സൗഹൃദം അവസാനിച്ചെന്ന് റിപ്പോർട്ട്. അമേരിക്കയിൽ തന്റെ സഹോദരൻ അൻമോളിന്റെ കേസ് കൈകാര്യം ചെയ്തതിൽ ഗോൾഡി ബ്രാറിനോടും സച്ചിൻ ഗോദാരയോടും ലോറൻസ് ബിഷ്‌ണോയിക്കുള്ള ദേഷ്യമാണ് വേർപിരിയലിന് കാരണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൊള്ളയടിക്കൽ, കൊലപാതകം, മയക്കുമരുന്ന്, ആയുധക്കടത്ത് തുടങ്ങിയ അന്താരാഷ്ട്ര ക്രിമിനൽ സാമ്രാജ്യങ്ങളുള്ള ലോറൻസും ഗോൾഡിയും ഒന്നിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. 2011 ൽ ബിഷ്‌ണോയി പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുമ്പോൾ ആരംഭിച്ചതാണ് ഇരുവരും തമ്മിലുള്ള സൗഹൃദം. സുഹൃത്തുക്കളിൽ നിന്നും മാഫിയ തലവന്മാരായി മാറിയ ലോറൻസ് ബിഷ്ണോയിയും ഗോൾഡി ബ്രാറും ഒന്നിച്ചുള്ള പ്രവർത്തനം ലോകത്തിന് വലിയ തലവേദനയായിരുന്നു.

ലോറൻസ് ബിഷ്‌ണോയി നിലവിൽ ഗുജറാത്തിലെ സബർമതി ജയിലിലാണ്, ഗോൾഡി ബ്രാർ യു എസിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്ന് കരുതപ്പെടുന്നു. ഇവർ തമ്മിലുള്ള വേർപിരിയൽ ഇപ്പോൾ ഇന്ത്യൻ സുരക്ഷാ ഏജൻസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇരു സംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾക്ക് സാധ്യതയേറും. ഒപ്പം തന്നെ ഗോൾഡി ബ്രാറിനെ പിടികൂടാനും അവരുടെ ശൃംഖലകൾ തകർക്കാനും അധികാരികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ ദശകത്തിൽ നടന്ന നിരവധി കൊലപാതകങ്ങളുമായി ബിഷ്‌ണോയി-ബ്രാർ ‘പങ്കാളിത്തം’ ബന്ധപ്പെട്ടിരിക്കുന്നു. 2024 ഒക്ടോബറിൽ മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ ബാബ സിദ്ദിഖിന്റെ കൊലപാതകം , 2023 ഡിസംബറിൽ പ്രമുഖ രജപുത്ര നേതാവും കർണി സേന തലവനുമായ സുഖ്‌ദേവ് ഗൊഗാമേദിയുടെ കൊലപാതകം തുടങ്ങിയവ രാജ്യത്താകെ വലിയ ചർച്ചയായിരുന്നു. 2022 മെയ് മാസത്തിൽ റാപ്പർ സിദ്ധു മൂസ് വാലയുടെ കൊലപാതകവുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തലുകൾ. 2025 ജനുവരിയിൽ ബ്രാർ തന്നെ ഇക്കാര്യം ബിബിസിയോട് പറഞ്ഞിരുന്നു. ‘അദ്ദേഹത്തിന്റെ അഹങ്കാരത്താൽ, അദ്ദേഹം (മൂസ് വാല) ക്ഷമിക്കാൻ കഴിയാത്ത ചില തെറ്റുകൾ ചെയ്തു… ഞങ്ങൾക്ക് അദ്ദേഹത്തെ കൊല്ലുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു’ – എന്നാണ് ബ്രാർ വെളിപ്പെടുത്തിയത്.

2024 ഏപ്രിലിൽ സൽമാൻ ഖാന്റെ മുംബൈയിലെ വീടിന് പുറത്ത് ബിഷ്‌ണോയി സംഘാംഗങ്ങൾ വെടിയുതിർത്തതും രാജ്യത്തെ ഞെട്ടിച്ചിരുന്നു. നടൻ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആക്രമണം നടത്തിയവരെ പിന്നീട് ഗുജറാത്തിൽ നിന്ന് പിടികൂടി. ഖാലിസ്ഥാൻ അനുകൂല ബന്ധങ്ങളുടെ പേരിൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷിച്ചിരുന്ന സുഖ ദുനെകെ എന്നറിയപ്പെടുന്ന സുഖദൂൽ സിംഗിന്റെ 2023 സെപ്റ്റംബറിലെ കൊലപാതകത്തിലും ബിഷ്ണോയി-ബ്രാർ സഖ്യം അവകാശവാദമുന്നയിച്ചിട്ടുണ്ട്.
ബിഷ്‌ണോയി-ബ്രാർ സംഘത്തിന്‍റെ പേരിൽ നടന്ന ഏറ്റവും നടുക്കിയ കൊലപാതകം 2023 ജൂണിൽ കാനഡയിൽ വെച്ച് ഖാലിസ്ഥാൻ അനുകൂല നേതാവായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകമാണ്. നിജ്ജാർ ഒരു കനേഡിയൻ പൗരനായിരുന്നു, അദ്ദേഹത്തിന്റെ കൊലപാതകം ഇന്ത്യക്കും കാനഡക്കും ഇടയിൽ വലിയൊരു നയതന്ത്ര തർക്കത്തിന് കാരണമായി. യാതൊരു തെളിവുമില്ലാതെ, ഇന്ത്യൻ സർക്കാരിന്റെ ‘ഏജന്റുമാർക്ക്’ പങ്കുണ്ടെന്ന് ഒട്ടാവ അവകാശപ്പെട്ടു.

ബിഷ്ണോയ്-ബ്രാർ വേർപിരിയലിന് പിന്നിൽ

ബിഷ്‌ണോയിയും ബ്രാറും തമ്മിലുള്ള ബന്ധം വേർപിരിയുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ബിഷ്‌ണോയിയുടെയും ബ്രാറിന്റെയും കൂട്ടാളികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഭിച്ചതെന്നാണ് ഇതുമായി വൃത്തങ്ങൾ പറയുന്നകത്. ബിഷ്‌ണോയി നിലവിൽ അഹമ്മദാബാദിലെ സബർമതി ജയിലിലാണ്, അതേസമയം ബ്രാർ ഇപ്പോഴും പിടികിട്ടാപ്പുള്ളിയായി തുടരുന്നു. 2017 ൽ അമേരിക്കയിലേക്ക് പോയ ബ്രാർ ഇപ്പോൾ അവിടെ നിന്നാണ് തന്റെ സംഘത്തെ നയിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ലോറൻസ് ബിഷ്‌ണോയിയുടെ ഇളയ സഹോദരൻ അൻമോൾ ബിഷ്‌ണോയി കാലിഫോർണിയയിൽ അറസ്റ്റിലായതോടെയാണ് സംഘങ്ങൾ തമ്മിലുള്ള ഭിന്നത രൂക്ഷമായത്. യുഎസിൽ തന്റെ സഹോദരൻ അൻമോളിന്റെ കേസ് കൈകാര്യം ചെയ്തതിൽ ഗോൾഡി ബ്രാറിനോടും സച്ചിൻ ഗോദാരയോടും ലോറൻസ് ബിഷ്‌ണോയിക്കുള്ള ദേഷ്യം ഒടുവിൽ വേർപിരിയലിന് കാരണമായെന്നാണ് വ്യക്തമാകുന്നത്.

പൊലീസിന് തലവേദന കൂടും

രണ്ട് ഗുണ്ടാസംഘങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നത് നിർത്താൻ തീരുമാനിച്ചതോടെ പൊലീസിന് തലവേദന കൂടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഗോൾഡി ബ്രാർ ഇപ്പോൾ തന്നെ അസർബൈജാൻ ആസ്ഥാനമായുള്ള രോഹിത് ഗോദാരയുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ബിഷ്‌ണോയി സംഘമാകട്ടെ ഇപ്പോൾ കാനഡ ആസ്ഥാനമായുള്ള നോനി റാണയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ വൈരാഗ്യവും അവരുടെ പുതിയ ഗ്രൂപ്പുകളും പൊലീസ് സേനയ്ക്ക് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

Also Read

More Stories from this section

family-dental
witywide