
ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് വാരണസിയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിന്റെ കോക്പിറ്റ് തുറക്കാന്‍ ശ്രമിച്ച് യാത്രക്കാരന്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ തിങ്കളാഴ്ചയാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. വിമാനം 35000 അടി ഉയരത്തിലായിരിക്കുമ്പോള്‍ കോക്പിറ്റിലേക്ക് കയറാന്‍ യാത്രക്കാരന്‍ ശ്രമിക്കുകയായിരുന്നു. പൈലറ്റിന്റെ അവസരോചിത ഇടപെടലില്‍ വലിയൊരു സുരക്ഷാഭീഷണിയെ നേരിടാനായി.
ഐഎക്‌സ് 1086 എന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവമുണ്ടായത്. കോക്പിറ്റ് മേഖലയില്‍ എത്തിയ യാത്രക്കാരന്‍ കോക്പിറ്റിലേക്ക് കൃത്യമായ പാസ്‌കോഡ് അടിച്ചാണ് കയറാന്‍ ശ്രമിച്ചത്. പെട്ടെന്ന് വിമാനം തട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണെന്ന ആശങ്കയില്‍ പൈലറ്റ് കോക്പിറ്റ് തുറക്കാതിരിക്കുകയായിരുന്നു. എട്ട് പേരാണ് ഈ യാത്രക്കാരനൊപ്പമുണ്ടായിരുന്നത്.
സംഭവത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തെന്നും ഇതിന് പിന്നാലെ ഒന്‍പത് യാത്രക്കാരെയും സിഐഎസ്എഫിന് കൈമാറിയെന്നുമാണ് നിലവിലെ വിവരം.















