
പത്തനംതിട്ട : കേരളത്തെ ഞെട്ടിച്ച് പത്തനംതിട്ടയില്‍ കായികതാരമായ ദലിത് പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ പത്തു പേര്‍ കൂടി കസ്റ്റഡിയില്‍. 60ലധികം പേരാണ് പെണ്‍കുട്ടിയോട് അതിക്രമം കാട്ടിയത്. ഇന്നലെ അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ അറസ്റ്റുണ്ടായിരിക്കുന്നത്. 13 വയസ്സ് മുതല്‍ ചൂഷണത്തിന് ഇരയായതായും 62 പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയിരുന്നു.
പതിമൂന്നാം വയസില്‍ ആദ്യമായി പീഡനംനേരിട്ടത് ആണ്‍ സുഹൃത്തില്‍ നിന്നാണെന്നും പിതാവിന്റെ സുഹൃത്തുക്കളും ആണ്‍ സുഹൃത്തിന്റെ കൂട്ടുകാരും പീഡിപ്പിച്ചുവെന്നും കുട്ടി മൊഴിനല്‍കി. പിതാവിന്റെ ഫോണ്‍ വഴി 32 പേരെ പരിചയപ്പെട്ടിരുന്നുവെന്നും ഇവരില്‍ പലരും ഉപദ്രവിച്ചെന്നും കുട്ടി പറഞ്ഞു. പ്രതികള്‍ നഗ്‌നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. സ്‌കൂളിലും കാറിലും വീട്ടിലും അടക്കം പീഡനം നടന്നിട്ടുണ്ട്.
പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതികളില്‍ നാല്‍പതോളം പേരെ തിരിച്ചറിഞ്ഞെന്നാണ് സൂചന. പ്രതികള്‍ക്കെതിരെ എസസി, എസ്ടി പീഡന നിരോധന നിയമവും ചുമത്തും.
പത്തനംതിട്ട ജില്ലയിലെ ആറോളം സ്റ്റേഷനുകളില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ട്. ജില്ലയ്ക്ക് പുറത്തും പ്രതികളുണ്ടെന്നാണ് സൂചന