ആംബുലന്‍സ് തടഞ്ഞ് രോഗി മരിച്ചു: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരണമടഞ്ഞ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവം അത്യന്തം വേദനാജനകമാണെന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം വിതുര മണലി സ്വദേശി ബിനു ആണ് മരിച്ചത്. കുറച്ചു നേരത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

ആത്മഹത്യയ്ക്ക് ശ്രമിച്ച ബിനുവിനെ ഇന്ന് ഉച്ചയോടെ ആണ് വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ ആയിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. 20 മിനിട്ടോളം ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ചു. രോഗിയുടെ അവസ്ഥ പറയാന്‍ ശ്രമിച്ച ആശുപത്രിക്കാരോടും പ്രതിഷേധക്കാര്‍ തട്ടിക്കയറി.തുടർന്ന് പ്രതിഷേധങ്ങളെല്ലാം അവസാനിച്ച ശേഷമാണ് മെഡിക്കല്‍ കോളജില്‍ ബിനുവിനെ എത്തിക്കാൻ കഴിഞ്ഞത്.

ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ ബിനു മരിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വിതുര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോണ്‍ഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആംബുലന്‍സിന്റെ കാലപ്പഴക്കവും, ഇന്‍ഷുറന്‍സ് തീര്‍ന്നതും ആരോപിച്ചായിരുന്നു പ്രതിഷേധം.

More Stories from this section

family-dental
witywide