
തൊടുപുഴ: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ മുന്‍ എം.എല്‍.എയും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗവുമായ പി.സി. ജോര്‍ജിനെതിരെ കേസെടുക്കാന്‍ തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. സംഭവത്തില്‍ പി.സി ജോര്‍ജിനെയും എച്ച്.ആര്‍.ഡി.എസ് ഇന്ത്യ സെക്രട്ടറി അജി കൃഷ്ണനെയും പ്രതിയാക്കി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.ടി. അനീഷ് കാട്ടാക്കട, പൊലീസിലും തുടര്‍ന്ന് കോടതിയിലും പരാതി നല്‍കിയിരുന്നു.
ജോര്‍ജിന്റെ പരാമര്‍ശത്തില്‍ കേസെടുക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ ഉത്തരവ്. അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികത്തില്‍ എച്ച്.ആര്‍.ഡി.എസ് ഇന്ത്യ എന്ന സന്നദ്ധ സംഘടന തൊടുപുഴയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജവഹര്‍ലാല്‍ നെഹ്രുവിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാണ് പരാതി. സംഭവത്തില്‍ പി.സി ജോര്‍ജിനെതിരെയും എച്ച്.ആര്‍.ഡി.എസ് ഇന്ത്യ സെക്രട്ടറി അജി കൃഷ്ണനെതിരെയും കേസെടുക്കുമെന്ന് തൊടുപുഴ എസ്.എച്ച്.ഒ എസ്. മഹേഷ് കുമാർ പറഞ്ഞു.