
ഇസ്ലാമാബാദ്: അതിർത്തി പ്രദേശങ്ങളിലെ രൂക്ഷമായ ഏറ്റുമുട്ടലിന് ശേഷം പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും 48 മണിക്കൂർ വെടിനിർത്തൽ ധാരണയിലെത്തി. വൈകീട്ട് 6.30 ഓടെ വെടിനിർത്തൽ നിലവിൽ വന്നു. ഇരുരാജ്യങ്ങളും പ്രശ്നപരിഹാരത്തിന് സംഭാഷണങ്ങൾ നടത്തുമെന്ന് പാക്കിസ്ഥാൻ പ്രസ്താവനയിൽ അറിയിച്ചു. അഫ്ഗാനിസ്ഥാനാണ് വെടിനിർത്തൽ ആവശ്യപ്പെട്ടതെന്ന് പാക്കിസ്ഥാൻ അവകാശപ്പെടുന്നു, എന്നാൽ അഫ്ഗാൻ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണമില്ല. കാബൂളിലെ പാക്ക് വ്യോമാക്രമണത്തിനുള്ള പ്രതികാരമായാണ് താലിബാൻ സേനയുടെ ആക്രമണമെന്നാണ് വിലയിരുത്തൽ.
ഡ്യൂറൻഡ് ലൈനിനോട് ചേർന്നുള്ള ചമൻ (പാക്കിസ്ഥാൻ) – സ്പിൻ ബോൾദക് (അഫ്ഗാനിസ്ഥാൻ) മേഖലകളിലാണ് പ്രധാന ഏറ്റുമുട്ടൽ നടന്നത്. രാവിലെ മുതൽ നടന്ന ശക്തമായ വെടിവെപ്പിൽ ഇരുഭാഗത്തും നിരവധി സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാൻ താലിബാൻ സൈന്യം പാക്ക് സൈന്യത്തിന്റെ അതിർത്തി പോസ്റ്റുകളും ടാങ്കും പിടിച്ചെടുത്തതായി അറിയുന്നു. 58 പാക്ക് സൈനികരെ വധിച്ചതായി അഫ്ഗാൻ സേന അവകാശപ്പെടുമ്പോൾ, 200 അഫ്ഗാൻ സൈനികരെ കൊന്നൊടുക്കിയതായാണ് പാക്കിസ്ഥാൻ പ്രതികരിച്ചത്.
പാക്കിസ്ഥാൻ സൈന്യം തങ്ങളുടെ ഭാഗത്ത് 23 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. അതേസമയം, അഫ്ഗാൻ ഭാഗത്ത് 12 പേർ മരിക്കുകയും 100ൽ അധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി താലിബാൻ അറിയിച്ചു. കനത്ത തിരിച്ചടി നൽകിയെന്നും പാക്ക് താലിബാന്റെ പരിശീലന കേന്ദ്രം തകർത്തതായും പാക്കിസ്ഥാൻ അവകാശപ്പെട്ടു. ദിവസങ്ങളായി നീണ്ടുനിന്ന ഏറ്റുമുട്ടൽ ഇരുരാജ്യങ്ങളെയും സമ്മർദ്ദത്തിലാക്കി.
പാക്കിസ്ഥാനെതിരെ പ്രവർത്തിക്കുന്ന തെഹ്‌രീക്ക് ഇ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ഭീകരരെ അഫ്ഗാൻ സർക്കാർ സഹായിക്കുന്നുവെന്നാണ് പാക്കിസ്ഥാന്റെ പ്രധാന ആരോപണം. ഇതേത്തുടർന്നാണ് അതിർത്തിയിൽ സംഘർഷം രൂക്ഷമായത്. വെടിനിർത്തൽ ധാരണയോടെ ഇരുഭാഗവും സംഭാഷണങ്ങൾക്ക് തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് നീക്കം. എന്നാൽ, ദീർഘകാല പരിഹാരത്തിന് കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന് വിലയിരുത്തപ്പെടുന്നു.
Peace finally, Pakistan and Afghanistan agree on 48-hour ceasefire