
വാഷിംഗ്ടൺ: നോബൽ സമാധാന സമ്മാനം ലഭിക്കുന്നത് വലിയ ബഹുമതി ആയിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ, അതിനുവേണ്ടി താൻ സമ്മർദ്ദം ചെലുത്തുന്നില്ലെന്നും, തന്റെ നയതന്ത്ര നീക്കങ്ങൾ ജീവൻ രക്ഷിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അർമേനിയയും അസർബൈജാനും തമ്മിൽ ഒരു സമാധാന ചട്ടക്കൂട് രൂപീകരിച്ചതിന് ശേഷം വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ സംസാരിക്കുകയായിരുന്നു ട്രംപ്. യുക്രെയ്‌നും റഷ്യയും തമ്മിലുള്ളതുപോലെയുള്ള നീണ്ടുനിൽക്കുന്ന സംഘർഷങ്ങളിൽ താൻ നടത്തിയ മധ്യസ്ഥ ശ്രമങ്ങൾ മാനുഷികപരമായ ആശങ്കകൾ മൂലമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
“ഞാൻ അതിനുവേണ്ടി രാഷ്ട്രീയ നീക്കം നടത്തുന്നില്ല,” ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഞാൻ ഒരിക്കലും അതിനുവേണ്ടി സ്വയം മുന്നോട്ട് പോകില്ല. ഞാൻ അത് ചെയ്യുന്നത് അതിനുവേണ്ടിയല്ല. ഞാൻ അത് ചെയ്യുന്നത് ഒന്നാമതായി, എനിക്ക് ജീവൻ രക്ഷിക്കണം എന്നതുകൊണ്ടാണ്,” ട്രംപ് പറഞ്ഞു. അതുകൊണ്ടാണ് താൻ “യുക്രെയ്‌നുമായും റഷ്യയുമായും ഇത്രയധികം ഇടപെടുന്നതെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.