
തിരുവനന്തപുരം: മുതിർന്ന സി.പി.ഐ നേതാവും പീരുമേട് എം.എൽ.എയുമായ വാഴൂർ സോമൻ (73) ഹൃദയാഘാതത്തെ തുടർന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. തിരുവനന്തപുരത്ത് നടന്ന സർക്കാർ പരിപാടിക്കിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ റവന്യൂ മന്ത്രി കെ. രാജന്റെ വാഹനത്തിൽ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം വാഴൂർ സ്വദേശിയായ വാഴൂർ സോമൻ, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി സിറിയക് തോമസിനെ 1,835 വോട്ടുകൾക്ക് പരാജയപ്പെടുത്തി പീരുമേട്ടിൽ നിന്ന് വിജയിച്ചിരുന്നു.
അദ്ദേഹത്തിന്റെ മൃതദേഹം സി.പി.ഐ ആസ്ഥാനമായ എം.എൻ. സ്മാരകത്തിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. രാഷ്ട്രീയ രംഗത്ത് ദീർഘകാലം സജീവമായിരുന്ന വാഴൂർ സോമന്റെ വിയോഗം സി.പി.ഐക്കും കേരള രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ്.