
വാഷിങൺ: ഇറാനിലെ ആണവകേന്ദ്രങ്ങൾക്കുനേരെ അമേരിക്ക നടത്തിയ ആക്രമണത്തിൻന്റെ പേരടക്കമുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പെന്റഗൺ. അതീവ രഹസ്യമായി ‘ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ’ എന്ന പേരിലാണ് ആണവകേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണം നടപ്പാക്കിയതെന്ന് വാർത്താ സമ്മേളനത്തിൽ സംയുക്ത സൈനിക ജനറൽ ഡാൻ കെയ്ൻ വ്യക്തമാക്കി. ചുരുക്കം ചിലർക്ക് മാത്രം അറിയാവുന്ന മിഡ്നൈറ്റ് ഹാമർ ഓപ്പറേഷൻ ഏറ്റവും സങ്കീർണ്ണവും അപകടസാധ്യതയുള്ളതുമായ ദൗത്യമായിരുന്നു. ഫൊർദോ അടക്കം ഇറാൻ്റെ മൂന്ന് ആണവകേന്ദ്രങ്ങൾ ആക്രമിച്ചുവെന്നും വൻ നാശനഷ്ടങ്ങളുണ്ടെന്നും ഡാൻ പറഞ്ഞു.
ഞങ്ങളുടേത് തന്ത്രപരവും അപ്രതീക്ഷിതവുമായ നീക്കമായിരുന്നു. ആക്രമണത്തിനായി തിരഞ്ഞെടുത്തത് രണ്ടുപേരടങ്ങുന്ന ഏഴ് ബി 2 സ്പിരിറ്റ് ബോംബർ വിമാനങ്ങളായിരുന്നു. ആദ്യം ഒരു സംഘം പടിഞ്ഞാറ് പസഫിക് സമുദ്രത്തിലേക്ക് നീങ്ങിയത് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് . 125 യുദ്ധവിമാനങ്ങളും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. അധികം ആശയവിനിമയങ്ങളൊന്നും ഇല്ലാതെ നിശ്ശബ്ദമായായിരുന്നു ബി 2 വിമാനസംഘം നീങ്ങിയത്. 18 മണിക്കൂറിനൊടുവിലാണ് സംഘം ലക്ഷ്യസ്ഥാനത്തെത്തിയത്. ഇതിനിടെ ഒന്നിലധികം തവണ ഇന്ധനം നിറച്ചു. കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ലോകത്തെ മറ്റാരേക്കാളും മികച്ചരീതിയിൽ അമേരിക്കൻ സംയുക്തസേന പ്രവർത്തിക്കുന്നതെന്നും ഡാൻ പറഞ്ഞു.
ഇറാനിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പായി യുഎസ് അന്തർവാഹിനിയിൽനിന്ന് രണ്ട് ഡസനോളം മിസൈലുകൾ ലക്ഷ്യസ്ഥാനത്തിന് നേരെ വിക്ഷേപിച്ചു തുടർന്ന് ഓപ്പറേഷൻ ഹാമ്മർ ഇറാൻ വ്യോമാതിർത്തി കടന്ന് ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുകയായിരുന്നു. ശത്രുക്കളുടെ മിസൈലുകളെ വെട്ടിച്ചു നീങ്ങാൻ പാകത്തിലുള്ള അത്യാധുനിക് എയർക്രാഫ്റ്റുകളായിരുന്നു ഉപയോഗിച്ചത്. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ബി 2 ആക്രമണവും ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ ദൗത്യവുമായിരുന്നു ഇതെന്നും ഡാൻ കെയ്ൻ പറഞ്ഞു. ഇറാൻ്റെ ആണവശേഷി പൂർണമായും നിർവീര്യമായോ എന്ന് പറയാനായിട്ടില്ലെന്നും അത് പഠിക്കാൻ സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ആണവകേന്ദ്രങ്ങൾ പൂർണമായും തകർത്തോ എന്ന കാര്യം അദ്ദേഹം വ്യക്തത വരുത്തിയില്ല.