
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഐതിഹാസികമായ തിരിച്ചുവരവുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. ജനങ്ങളും യു.ഡി.എഫിന്റെ തിരിച്ചു വരവിനു വേണ്ടി കാത്തിരിക്കുകയാണ്. സര്‍ക്കാരിന് എതിരായ ശക്തമായ ജനവികാരവും ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളും ജനവിധി യു.ഡി.എഫിന് അനുകൂലമാക്കും. ശബരിമല ശാസ്താവിന്റെ ശ്രീകോവിലില്‍ നടന്ന സ്വര്‍ണ മോഷണത്തില്‍ ഉന്നത സി.പി.എം നേതാക്കള്‍ പങ്കാളികളാണ്. എന്നിട്ടും അവരെ ഇപ്പോഴും സി.പി.എം സംരക്ഷിക്കുന്നത് ജനങ്ങളില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. അവസാനഘട്ടത്തില്‍ ഉന്നത സി.പി.എം നേതാക്കളിലേക്കു കൂടി അന്വേഷണം പോകേണ്ടതായിരുന്നു. എന്നാല്‍ എസ്.ഐ.ടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ചോദ്യം ചെയ്യലും അറസ്റ്റും കുറച്ചു ദിവസം കൂടി നീട്ടിവയ്ക്കാന്‍ സമ്മര്‍ദ്ദമുണ്ടായിയെന്നും സതീശൻ പറഞ്ഞു. ഉന്നത നേതാക്കളുടെ ചോദ്യം ചെയ്യലും അറസ്റ്റും തിരഞ്ഞെടുപ്പ് കാലത്ത് പ്രശ്‌നമാകാതിരിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തുന്നത്. സര്‍ക്കാരിന് എതിരെ യു.ഡി.എഫ് അവതരിപ്പിച്ച കുറ്റപത്രവും ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. യു.ഡി.എഫിന്റെ ബദല്‍ പരിപാടികളും ജനങ്ങള്‍ ഏറ്റെടുത്തു. പതിവിന് വിപരീതമായി നേരത്തെ തന്നെ യു.ഡി.എഫ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. ടീം യു.ഡി.എഫായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതും തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നും പ്രതിപക്ഷ നേതാവ് പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ
തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളുടെ പാറ്റേണ്‍ വ്യത്യസ്തമാണ്. എന്നാലും തദ്ദേശ ഫലത്തില്‍ ചില സൂചനകളുണ്ടാകും. കൊച്ചി കോര്‍പറേഷനില്‍ ഉറപ്പായും അധികാരത്തിലെത്തും. എല്ലാ കോര്‍പറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫിന് വ്യക്തമായ മേല്‍ക്കൈ ഉണ്ടാകും.
ശബരിമല വിഷയം ജനങ്ങളെ ബാധിക്കുന്നതു തന്നെയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അപ്പോള്‍ പിന്നെ അതൊരു വിഷയമല്ലാതെ മാറുന്നത് എങ്ങനെയാണ്? രാഹുല്‍ മാങ്കൂട്ടം വിഷയം യു.ഡി.എഫിനെ ബാധിക്കില്ല എന്നതു മാത്രമല്ല, അവിടെയും പ്രതിരോധത്തിലാകുന്നത് സി.പി.എമ്മും എല്‍.ഡി.എഫുമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും രാജ്യത്ത് ചെയ്തിട്ടില്ലാത്ത തരത്തില്‍ മാതൃകാപരമായ നടപടി കോണ്‍ഗ്രസ് സ്വീകരിച്ചപ്പോള്‍ സി.പി.എം പ്രതിരോധത്തിലായി. തിരഞ്ഞെടുപ്പ് വരെ ഈ വിഷയം നീട്ടിക്കൊണ്ടു പോകമെന്ന് സി.പി.എം തെറ്റിദ്ധരിച്ചു. അവിടെയും സി.പി.എമ്മിന് തിരിച്ചടിയുണ്ടാകും. സി.പി.എം പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. മുഖ്യമന്ത്രി കൈ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നവരെയൊക്കെ ജനങ്ങള്‍ കാണുന്നുണ്ട്. ഞങ്ങള്‍ ആരുടെയും കൈ പിടിച്ചിട്ടില്ല. വേണ്ടാത്ത കാര്യം വന്നപ്പോള്‍ ഞങ്ങള്‍ ആ കൈ വിട്ടു. മുഖ്യമന്ത്രി ഇപ്പോഴും കൈ പിടിച്ച് നില്‍ക്കുകയാണല്ലോ.
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിപ്പട്ടിയകയില്‍ ഉള്‍പ്പെട്ട എല്ലാവരും ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കില്‍ പ്രോസിക്യൂഷന്‍ അപ്പീല്‍ പോകണം. കോടതി വിധി പുറത്തു വരാത്ത സാഹചര്യത്തിലാണ് അതേക്കുറിച്ച് വിശദമായി സംസാരിക്കാത്തത്. ഏത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ ശിക്ഷിച്ചതെന്നും ഏത് തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വെറതെ വിട്ടതെന്നും വിധി വായിച്ചാല്‍ മാത്രമെ മനസിലാകൂ. അതു വായിക്കാതെ വെറുതെ പറയാമെന്നു മാത്രമെയുള്ളൂ. പക്ഷെ പ്രോസിക്യൂഷന്‍ കേസില്‍ പകുതിയെ ജയിച്ചുള്ളൂ. ആ സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ അപ്പീല്‍ പോകണം.
ക്രൂരകൃത്യം ചെയ്യുന്നവരെ വൈറ്റ് വാഷ് ചെയ്യുന്ന ജോലിയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. മര്യാദയ്ക്ക് നടക്കുന്ന മാന്യന്മാരെ തെറി അഭിഷേകം നടത്തുകയും ചെളി കൊണ്ട് പൊത്തുകയും ചെയ്യുന്ന പരിപാടിയാണ് നടക്കുന്നത്. സോഷ്യല്‍ മീഡിയ അല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അവിടെയും നല്ല ആളുകളുണ്ട്. സോഷ്യല്‍ മീഡിയയെ വില്‍പന ചരക്കാക്കി മാറ്റിയിരിക്കുകയാണ്. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ടത് സോഷ്യല്‍ മീഡിയയിലാണ്. അതിന് പിന്നില്‍ ആരാണെന്ന് പറയേണ്ടതില്ലല്ലോ. ഇതിനു വേണ്ടി വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ആ സംഘത്തെ പണം കൊടുത്തും അല്ലാതെയും സ്വാധീനിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സ്ത്രീകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അതിക്രമം അവസാനിപ്പിക്കണം. അത് അംഗീകരിക്കാനാകില്ല. സ്ത്രീകളും പുരുഷന്മാരും സോഷ്യല്‍ മീഡിയയില്‍ അപമാനിക്കപ്പെടുന്നുണ്ട്. ചില യൂട്യൂബ് ചാനലുകളില്‍ അഞ്ചും പത്തും വീഡിയോകളും കാര്‍ഡുകളുമാണ് ഇടുന്നത്. ജനങ്ങള്‍ അതിനെയും മറികടന്ന് ചിന്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഞങ്ങളൊക്കെ നില്‍ക്കുന്നത്. കോണ്‍ഗ്രസില്‍ ഏകകണ്ഠമായി നടപടി എടുത്തപ്പോള്‍ എനിക്ക് നേരെയായിരുന്നു ആക്രമണം. ബോധ്യങ്ങളില്‍ നിന്നാണ് തീരുമാനങ്ങള്‍ എടുക്കുന്നത് എന്നതാണ് എന്നത്തെയും മറുപടി.









