തിരുവനന്തപുരം: കേരളത്തിൽ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയമായ മാരാർജി ഭവൻ ഉത്ഘാടനം ചെയ്ത ശേഷം പുത്തരിക്കണ്ടത്ത് നടന്ന പൊതുയോഗത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. കേരളത്തിലെ ജനങ്ങൾ മാറ്റത്തിനായി കാത്തിരിക്കുകയാണെന്നും, ബിജെപിയുടെ ഭരണം സംസ്ഥാനത്ത് വികസനവും സുസ്ഥിരതയും കൊണ്ടുവരുമെന്നും ഷാ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ വളർച്ചയും വർധിച്ച വോട്ട് വിഹിതവും ചൂണ്ടിക്കാട്ടി, കേരളത്തിൽ ബിജെപിക്ക് ശക്തമായ അടിത്തറയുണ്ടെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ ബിജെപിക്ക് അനുകൂലമാണെന്നും, എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണത്തിൽ നിന്ന് ജനങ്ങൾ മടുത്തുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി. യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ അവസരങ്ങൾ നൽകുന്ന ബിജെപിയുടെ നയങ്ങൾ കേരളത്തിൽ വലിയ മാറ്റം കൊണ്ടുവരുമെന്ന് ഷാ വാഗ്ദാനം ചെയ്തു.
2026 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ഗ്രാമതലങ്ങളിൽ പ്രചാരണം വ്യാപിപ്പിക്കാനും ബിജെപി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. അടുത്ത വർഷത്തോടെ രാജ്യം മാവോയിസ്റ്റ് മുക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി സർക്കാരിൻ്റെ അഭിമാന പദ്ധതികൾ ഉയർത്തിക്കാട്ടി വികസനത്തെ കുറിച്ച് സംസാരിച്ച ഷാ, 3700 കോടിയുടെ റെയിൽ വികസനം കേരളത്തിൽ നടക്കുന്നുവെന്ന് അവകാശപ്പെട്ടു.















