എലപ്പുള്ളി മദ്യ നിര്‍മ്മാണശാലക്കെതിരെ ജനകീയ സമിതി രൂപീകരിച്ചു ; കാതോലിക്കാ ബാവാ മുഖ്യ രക്ഷാധികാരി

കൊച്ചി : സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്ന എലപ്പുള്ളിയിലെ നിര്‍ദ്ദിഷ്ട മദ്യ നിര്‍മ്മാണശാലക്കെതിരെ പോരാടാന്‍ ജനകീയ സമിതി’ രൂപീകരിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരമാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ മുഖ്യ രക്ഷാധികാരിയായി’ എലപ്പുള്ളി പോരാട്ട ജനകീയ സമിതി’ രൂപംകൊണ്ടത്.

ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരു രത്‌നം ജ്ഞാനതപസ്വി , കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയര്‍ മാന്‍ ആര്‍ച്ച് ‘ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്. ആക്ടസ് പ്രസിഡണ്ട് ഡോ. ഉമ്മന്‍ ജോര്‍ജ്, പാലക്കാട് രൂപതാദ്ധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍, സുല്‍ത്താന്‍പേട്ട് രൂപതാദ്ധ്യക്ഷന്‍ ഡോ. ആന്റോണിസാമി പീറ്റര്‍ അഭിര്‍ , സര്‍വ്വോദയ മണ്ഡലം പ്രസിഡണ്ട് റ്റി. ബാലകൃഷ്ണന്‍, മണ്‍സൂര്‍ അലി ഹസാനി എന്നിവര്‍ രക്ഷാധികാരികളാണ്.

ആക്ടസ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യനാണ് കോര്‍ഡിനേറ്റര്‍’. 50 ല്‍ പരം സാമൂഹ്യ, സന്നദ്ധ സംഘടനകള്‍ ഇതിനകം സമിതിയുടെ ഭാഗമായിട്ടുണ്ടെന്നും മദ്യവും, മയക്കുമരുന്നും ഉള്‍പ്പെടെയുള്ള ലഹരിക്കെതിരെ നിലകൊള്ളുന്നവരുടെ പൊതുവേദിയായി ‘ എലപ്പുള്ളി പോരാട്ട ജനകീയ സമിതി മാറുമെന്നും ജോര്‍ജ് സെബാസ്റ്റ്യന്‍ പറഞ്ഞു. എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബു സമിതിയുടെ അധ്യക്ഷ. കര്‍ഷകശ്രീ ജേതാവ് പി. ഭുവനേശ്വരി, ഡോ. ശുദ്ധോദനന്‍ എന്നിവര്‍ ഉപാദ്ധ്യക്ഷരാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുനില്‍കുമാര്‍, മെമ്പര്‍ സന്തോഷ് പള്ളത്തേരി, വി. ശിവന്‍, കെ. സുബാഷ് എന്നിവര്‍ കണ്‍വീനറന്മാരാണ്.