
മനുഷ്യരുടെ സ്ഥിര സാന്നിധ്യം ഉറപ്പിക്കുന്നതിൻ്റെ ഭാഗമായി നാസ ചന്ദ്രനിൽ ആണവ റിയാക്‌ടർ നിർമിക്കാനുള്ള പദ്ധതികൾ വേഗത്തിലാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ. ചന്ദ്രനിൽ 2030-ഓടുകൂടി ആണവ റിയാക്‌ടർ സ്ഥാപിക്കാനാണ് നാസയുടെ ലക്ഷ്യം. യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നാസയുടെ താത്കാലിക മേധാവിയായി നിയമിച്ച യുഎസ് ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി സീൻ ഡഫി ചന്ദ്രനിലെ ആണവ റിയാക്‌ടർ പദ്ധതി വേഗത്തിലാക്കാൻ ഏജൻസിക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ.
പദ്ധതിയ്ക്കായി 100 കിലോവാട്ട് ഊർജമെങ്കിലും ഉത്പാദിപ്പിക്കാൻ സാധിക്കുന്ന റിയാക്ടർ ചന്ദ്രനിൽ നിർമിക്കാൻ സാധിക്കുന്ന വാണിജ്യ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രൊപ്പോസലുകൾ ക്ഷണിക്കാൻ നാസയുടെ താത്കാലിക മേധാവി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. എന്നാൽ ട്രംപ് ഭരണകൂടത്തിന്റെ നാസയുടെ ബജറ്റ് വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികൾക്കിടെ നാസയ്ക്ക് എങ്ങനെ ചന്ദ്രനിലെ ആണവ റിയാക്‌ടർ ഉൾപ്പടെയുള്ള വൻ പദ്ധതികൾ നടപ്പിലാക്കുമെന്ന സംശയവുമുണ്ട്.
ട്രംപ് ഭരണകൂടം അടുത്ത വർഷത്തെ നാസയുടെ ബജറ്റിൽ നിന്ന് 24 ശതമാനം വെട്ടിക്കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ചന്ദ്രനിലെ ആണവ റിയാക്ടറിന് വേണ്ടിയുള്ള ശ്രമങ്ങൾ നാസ ആദ്യമായല്ല നടത്തുന്നതെന്നും 2022 ൽ 50 ലക്ഷം ഡോളറിന്റെ കരാറുകൾ ചില കമ്പനികൾക്ക് നൽകിയിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.അതേസമയം, ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കാനും ഗവേഷണ കേന്ദ്രങ്ങൾ നിർമിക്കാനുമായി ഇന്ത്യയും റഷ്യയും ചൈനയും ജപ്പാനുമടക്കം വിവിധ രാജ്യങ്ങൾക്ക് ചന്ദ്രനിൽ ആണവറിയാക്‌ടർ നിർമിക്കാനുള്ള പദ്ധതിയുണ്ട്. ഈ രാജ്യങ്ങളെല്ലാം സജീവമായ ചാന്ദ്രപര്യവേക്ഷണ ദൗത്യങ്ങളിലാണ്. ചൈനയും റഷ്യയും 2035 ഓടെ ചന്ദ്രനിൽ ആണവോർജ നിലയം സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്.