കൽമേഗി ചുഴലിക്കാറ്റിൽ തകർന്നടിഞ്ഞ് ഫിലിപ്പീൻസ്; മരണം 50 കടന്നു, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മനില: കൽമേഗി ചുഴലിക്കാറ്റിൽ തകർന്നടിഞ്ഞ് ഫിലിപ്പീൻസ്. മരണസംഖ്യ ഉയരുന്നു. ഇതുവരെ 59 പേർ മരിച്ചതായാണ് റിപ്പോർട്ട്. അതേസമയം, 66 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. 13 പേരെ കാണാതായതായി ദുരന്തനിവാരണ ഏജൻസി റിപ്പോർട്ട് ചെയ്‌തു.

മധ്യ ഫിലിപ്പീൻസിൽ നാശം വിതച്ച കൽമേഗി ചുഴലിക്കാറ്റ് ദക്ഷിണ ചൈനാ കടലിലേക്ക് നീങ്ങുന്നതിനിടെ പലാവാൻ ദ്വീപിലും ആഞ്ഞടിച്ചതോടെയാണ് മരണസംഖ്യ കൂടിയത്. ദുരിതബാധിത പ്രവിശ്യകളിൽ സഹായം നൽകുന്നതിനായി പോകുന്നതിനിടെ ഫിലിപ്പൈൻ വ്യോമസേന ഹെലികോപ്റ്റർ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും മരിച്ചു.

മധ്യ ഫിലിപ്പീൻസ് പ്രവിശ്യയായ 2.4 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള സെബുവിലാണ് മിക്ക മരണങ്ങളും റിപ്പോർട്ട് ചെയ്‌തതെന്ന് സിവിൽ ഡിഫൻസ് ഓഫീസ് ഡെപ്യൂട്ടി അഡ്‌മിനിസ്ട്രേറ്റർ ബെർണാഡോ റാഫലിറ്റോ അലജാൻഡ്രോ പറഞ്ഞു. ചുഴലിക്കാറ്റ് മൂലമുണ്ടായ പേമാരിയിൽ നദികൾ കരകവിഞ്ഞൊഴുകിയതും ദുരന്തത്തിന് കാരണമായി. ഭൂകമ്പത്തിൽ വീടുകൾ തകർന്നതോടെ ഭൂരിഭാഗവും താൽക്കാലിക ഷെൽട്ടറുകളിലാണ് കഴിഞ്ഞിരുന്നത്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി.

ഈ വർഷം ഫിലിപ്പൈൻ ദ്വീപസമൂഹത്തിൽ നാശം വിതച്ച ഇരുപതാമത്തെ ഉഷ്ണ‌മേഖലാ ചുഴലിക്കാറ്റാണ് കൽമേഗി. ഇന്റർഐലാൻഡ് ഫെറികളും മത്സ്യബന്ധന ബോട്ടുകളും കടലിലേക്ക് പോകുന്നത് നിരോധിച്ചു. 100 തുറമുഖങ്ങളിലായി 3,500-ലധികം യാത്രക്കാരും ചരക്ക് ട്രക്ക് ഡ്രൈവർമാരും കുടുങ്ങിയതായി തീരസംരക്ഷണ സേന അറിയിച്ചു. 186 ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കി.

Philippines devastated by Typhoon Kalmaegi; Death toll crosses 50, rescue operations in progress

More Stories from this section

family-dental
witywide