ടെക്സസിലെ ഒരു ഹൈസ്കൂളിൽ തീപിടിത്തമുണ്ടായി എന്നു പറഞ്ഞ് ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ രക്ഷിതാക്കളിലും നാട്ടുകാരിലും ആശങ്ക പടർന്നു. എന്നാൽ അത് കൃത്രിമ ബുദ്ധി (AI) ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജചിത്രമാണെന്ന് പൊലീസ് അറിയിച്ചു.
ബെല്ലയർ ഹൈസ്കൂളിൽ യാതൊരു തീപിടിത്തവും ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ വിദ്യാർത്ഥികൾ സ്കൂളിൽ എത്തുമ്പോൾ ഫയർ അലാറം മുഴങ്ങിയത് പിന്നീട് ഫ്രിയോൺ ഗ്യാസ് ലീക്കാണ് എന്ന് കണ്ടെത്തി. ബെല്ലയർ ഹൈസ്കൂളിൽ തീപിടിത്തമൊന്നുമില്ലെന്നും എല്ലാ വിദ്യാർത്ഥികളും അധ്യാപകരും സുരക്ഷിതരാണെന്നും ബെല്ലയർ പൊലീസ് അറിയിച്ചു.
എങ്കിലും സംഭവം കഴിഞ്ഞതിനു പിന്നാലെ എഐ നിർമ്മിച്ച വ്യാജചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും രക്ഷിതാക്കൾക്കിടയിൽ ഭീതിയുണ്ടാക്കുകയും ചെയ്തു. ഇത്തരത്തിലുള്ള എഐ വ്യാജചിത്രങ്ങൾ സ്കൂളുകളെ പോലും ലക്ഷ്യമാക്കുന്ന പുതിയ ഭീഷണിയായി മാറുകയാണെന്നുംമുന്‍പ് പെന്റഗണില്‍ പൊട്ടിത്തെറി സംഭവിച്ചെന്ന വ്യാജചിത്രവും ഇതേ രീതിയിലായിരുന്നുവെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
പോലീസും സ്കൂളുകളും ഷൂട്ടിംഗ് ഭീഷണികൾക്കും തീപിടിത്ത പരിശീലനങ്ങൾക്കും തയ്യാറാകുന്നതുപോലെ, ഇപ്പോൾ എഐ സൃഷ്ടിക്കുന്ന വ്യാജവിവരങ്ങൾക്കും തയ്യാറാവണമെന്ന് സുരക്ഷാ വിദഗ്ധൻ ജോൺ കോഹൻ പറഞ്ഞു.
ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഏവരുടെയും കൈവശം ശക്തമായ എഐ ഉണ്ട്. അതിനാൽ വ്യാജചിത്രങ്ങൾ ഉണ്ടാക്കുന്നത് എളുപ്പമാണ്. വിദ്യാർത്ഥികളും രക്ഷിതാക്കളും വിശ്വസിക്കുന്നതിനു മുമ്പ് ഉറപ്പ് വരുത്തണമെന്ന് ടെക് കമ്പനിയായ Truepic ന്റെ സിഇഒ ജെഫ്രി മക്‌ഗ്രിഗറും അഭിപ്രായപ്പെട്ടു.
Photo of alleged fire at Texas high school goes viral on social media; parents panic, police say it was AI















