‘ആരാണ് സ്വിച്ച് ഓഫാക്കിയത്’, അഹമ്മദാബാദ് ആകാശദുരന്തത്തിലെ ഞെട്ടിക്കുന്ന അന്വേഷണ റിപ്പോർട്ട് തള്ളി പൈലറ്റുമാരുടെ സംഘടന; ആരും എടുത്തുചാടരുതെന്ന് മന്ത്രി

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ പുറത്തുവന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് തള്ളി പൈലറ്റുമാരുടെ സംഘടന രംഗത്ത്. അന്വേഷണത്തിൽ സുതാര്യതയില്ലെന്നും പൈലറ്റുമാർക്കെതിരെ കുറ്റം ചാർത്താനുള്ള ശ്രമം നടക്കുന്നുവെന്നും എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ആരോപിച്ചു. പ്രാഥമിക റിപ്പോ‍ർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതാണെന്നും അസോസിയേഷൻ വിമർശിച്ചു. ഒരു ഒപ്പ് പോലും ഇല്ലാത്ത റിപ്പോർട്ടിന്റെ വിശ്വാസ്യത എന്താണെന്നും എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ചോദിച്ചു. അനുഭവസമ്പത്തുള്ള പൈലറ്റുമാരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

അതിനിടെ കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവും പ്രതികരണവുമായി രംഗത്തെത്തി. അന്വേഷണം സുതാര്യമായും അന്താരാഷ്ട്ര പ്രോട്ടോക്കോളുകൾ പാലിച്ചും നടക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചെങ്കിലും, അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കണമെന്നും ഒരു നിഗമനത്തിലേക്കും ഇപ്പോൾ ആരും എടുത്തുചാടരുതെന്നും മന്ത്രി വ്യക്തമാക്കി. ബ്ലാക്ക് ബോക്സ് വിശകലനം പുരോഗമിക്കുകയാണെന്നും, വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകടത്തിന് കാരണമെന്ന പ്രാഥമിക കണ്ടെത്തലിനെക്കുറിച്ച് കൂടുതൽ വ്യക്തത വേണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ അമ്പരപ്പിക്കുന്ന കണ്ടെത്തലുമായി പ്രാഥമിക അന്വേഷണ റിപ്പോർട്ടാണ് നേരത്തെ പുറത്തുവന്നത്. ജൂൺ 12 ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കകം എയർ ഇന്ത്യ വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിലേക്കും ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫായതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോ‍ട്ടിൽ പറയുന്നത്. എന്തിനാണ് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നതും ‘താൻ ചെയ്തിട്ടില്ലെന്ന്’ രണ്ടാമത്തെ പൈലറ്റ് മറുപടി പറയുന്നതും വോയ്‌സ് റെക്കോഡിൽ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട കുടൂതൽ വിവരങ്ങൾ വൈകാതെ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

More Stories from this section

family-dental
witywide