
തിരുവനന്തപുരം : ശബരിമലയിലെ സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഔറംഗസേബിനേക്കാള്‍ വലിയ ക്ഷേത്ര കൊള്ളക്കാരനായി മുഖ്യമാന്ത്രി മാറിയെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ശബരിമലയില്‍നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണെന്നും ശബരിമലയില്‍ മാത്രമല്ല കേരളത്തില്‍ അങ്ങിങ്ങോളം സ്വര്‍ണതട്ടിപ്പ് നടന്നിട്ടുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ബിജെപി കോഴിക്കോട് കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” പിണറായിവിജയന് സ്വര്‍ണം എന്നും ഒരു വീക്ക്‌നെസാണ്. എവിടെകണ്ടാലും മുഖ്യമന്ത്രിയും മന്ത്രിമാരും സ്വര്‍ണംഅടിച്ചുമാറ്റും. ഉപദേശകന്‍മാര്‍ ആരോ സ്വര്‍ണത്തിന് പവന് ഒരുലക്ഷം രൂപയിലെത്തുമെന്ന ഉപദേശം മുഖ്യമന്ത്രിക്ക് കൊടുത്തുകാണും ” – സുരേന്ദ്രന്‍ പരിഹസിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലായി. കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണംക ടത്തുകയും കടത്തിയ സ്വര്‍ണം പൊട്ടിച്ച് കൊണ്ടുപോവുകയും ചെയ്യുന്നതും കണ്ണൂരിലെ സിപിഎം ഗുണ്ടകളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
”2018 ശബരിമല കേസിലെ സുപ്രീംകോടതി വിധിക്ക് ശേഷമാണ് കേരളത്തിലെ ക്ഷേത്രങ്ങള്‍ തകര്‍ക്കാനുള്ള നീക്കങ്ങള്‍ പിണറായി സര്‍ക്കാര്‍ തുടങ്ങുന്നത്. കേരളത്തിലെ എല്ലാക്ഷേത്രങ്ങളില്‍ നിന്നും സ്വര്‍ണം അടിച്ചുമാറ്റാനുള്ള ശ്രമം ആരംഭിക്കുന്നത് ആ കാലഘട്ടത്തിലാണ്. അവതാരങ്ങളെ തട്ടിനടക്കാനാവാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. കായംകുളം കൊച്ചുണ്ണിയെല്ലാം പിണറായിവിജയന്റെ മുമ്പില്‍ തോറ്റു പോകും. കള്ളന്‍മാരും കൊള്ളക്കാരുമാണ് കേരളം ഭരിക്കുന്നത്. എത്ര സംഗമം നടത്തി പമ്പയില്‍ കുളിച്ചാലും പിണറായി സര്‍ക്കാരിന്റെ പാപം മാറില്ല ”- സുരേന്ദ്രന്‍പറഞ്ഞു.












