തദ്ദേശ തെരഞ്ഞെടുപ്പ്; പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, കാരണങ്ങൾ പരിശോധിച്ച് തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്നും സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിൻ്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകുവെന്നും എൽഡിഎഫിന്റെ അടിത്തറ കൂടുതൽ ഭദ്രമാക്കാനും സർക്കാരിൻറെ വികസന-ജനക്ഷേമ പദ്ധതികൾക്കുള്ള ജന പിന്തുണ വർദ്ധിപ്പിക്കാൻ എൽഡിഎഫ് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തലസ്ഥാന നഗരത്തിൽ എൻഡിഎക്ക് മേൽക്കൈ നേടാനായതും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗ്ഗീയതയുടെ സ്വാധീനം ഉണ്ടായതും മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്. വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ടു പോകാതിരിക്കാനുള്ള ജാഗ്രത ഇനിയും ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടുതൽ ശക്തമായി എല്ലാത്തരം വർഗീയതയ്ക്കും എതിരായ പോരാട്ടം തുടരേണ്ടതിന്റെ ആവശ്യകതയ്ക്കും ഈ ഫലം അടിവരയിടുന്നുണ്ട്. അത്തരം എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച് ജനങ്ങളുടെ ആകെ പിന്തുണ ആർജ്ജിച്ചു മുന്നോട്ടു പോകാനുള്ള ചർച്ചകളിലേക്കും തീരുമാനങ്ങളിലേക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി വരും നാളുകളിൽ കടക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

pinarayi vijayan reacts to local body election in Kerala

More Stories from this section

family-dental
witywide