ലഹരി ഇടപാട് കേസിൽ പികെ ഫിറോസിന്‍റെ സഹോദരൻ അറസ്റ്റിൽ, ‘കേസിൽ ഇടപെടില്ല, തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടട്ടേ’യെന്ന് ഫിറോസ്

കോഴിക്കോട്: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന്‍റെ സഹോദരൻ പി കെ ബുജൈർ ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി. സംഭവത്തിൽ വലിയ വിമർശനമുയർന്നതോടെ പ്രതികരണവുമായി പി കെ ഫിറോസ് രംഗത്തെത്തി. കേസിൽ ഇടപെടില്ലെന്നും തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണമെന്നുമാണ് പികെ ഫിറോസ് പ്രതികരിച്ചത്. കേസിൽ പൊലീസ് പിടികൂടിയ റിയാസ് സിപിഎം പ്രവർത്തകനാണെന്നും ഇയാളെ പ്രാദേശിക നേതാക്കൾ സ്റ്റേഷനിൽ നിന്നും ഇറക്കി കൊണ്ടുപോയെന്നും ഫിറോസ് ആരോപിച്ചു.

സഹോദരൻ കുറ്റകൃത്യം നടത്തിയെങ്കിൽ എന്നെ പഴിചാരുന്നതെന്തിന് എന്ന് ഫിറോസ് ചോദിച്ചു. തൻ്റെ രാഷ്ട്രീയം വേറെ, സഹോദരൻ്റെ രാഷ്ട്രീയം വേറെയുമാണ്. തൻ്റെ രാഷ്ട്രീയത്തെ വിമർശിക്കുന്നയാളാണ് സഹോദരൻ. പൊലീസ് പിടികൂടിയ റിയാസ് തൊടുകയിൽ സിപിഎം പ്രവർത്തകനാണ്. റിയാസിനെ ഇന്നലെ തന്നെ വിട്ടയയച്ചു. സിപിഎം പ്രാദേശിക നേതാക്കൾ എത്തിയാണ് റിയാസിനെ ഇറക്കി കൊണ്ടുപോയത്. ലീഗ് പ്രവർത്തകർ ആരും തൻ്റെ സഹോദരനെ കാണാൻ പോയിട്ടില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ലഭിക്കണം. കുടുംബത്തിലെ ആരെങ്കിലും ചെയ്ത തെറ്റു കൊണ്ട് വായ അടപ്പിക്കാമെന്ന് കരുതേണ്ടെന്നും പികെ ഫിറോസ് വിവരിച്ചു.

ബിനീഷ് കോടിയേരി ചെയ്ത തെറ്റിന് അദ്ദേഹത്തിൻ്റെ പിതാവ് രാജിവെക്കണമെന്ന് താൻ പറഞ്ഞിട്ടില്ല. ബിനീഷിൻ്റെ അറസ്റ്റിൽ കോടിയേരി രാജിവെക്കണമെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. സഹോദരനെ രക്ഷിക്കാൻ ഇടപെട്ടിട്ടില്ല. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടണം. സഹോദരൻ മുസ്ലീം ലീഗ് പ്രവർത്തകനല്ല. റിയാസ് സിപിഎം പ്രവർത്തകൻ ആണന്നെത് മറച്ചുവെക്കുകയാണ്. പൊലീസ് നടത്തുന്ന അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ്. ബുജൈർ എന്ത് കുറ്റകൃത്യം ചെയ്താലും മാതൃകാപരമായ ശിക്ഷ നൽകണമെന്നും പികെ ഫിറോസ് വ്യക്തമാക്കി.

More Stories from this section

family-dental
witywide