സെക്രട്ടേറിയേറ്റിൽ ഇനിയും പങ്കെടുക്കും, പിണറായിയുടേതെന്നല്ല ആരുടെയും വിലക്കില്ല, വാർത്ത അടിസ്ഥാന രഹിതമെന്നും ശ്രീമതി; വിലക്കില്ലെന്ന് എംഎ ബേബിയും

കണ്ണൂർ: സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിലക്കിയെന്ന വാർത്തയോട് പ്രതികരിച്ച് കേന്ദ്ര കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ പി കെ ശ്രീമതി രംഗത്ത്. അടിസ്ഥാന രഹിതമായ വാർത്തയാണിതെന്നാണ് ശ്രീമതി ടീച്ചർ പറഞ്ഞത്. കേരളത്തിലെ സി പി എം സെക്രട്ടറിയേറ്റ് യോഗത്തിൽ ഇനിയും പങ്കെടുക്കും. സെക്രട്ടറിയേറ്റ് ചേരുന്ന സമയത്ത് കേരളത്തിൽ ഉണ്ടെങ്കിൽ പങ്കെടുക്കാൻ ഒരു വിരോധവും വിലക്കുമില്ല. സംസ്ഥാന നേതൃയോഗങ്ങളിൽ പങ്കെടുക്കാൻ പിണറായി വിജയനെന്നല്ല ആരും ഒരു തടസ്സവും പറഞ്ഞിട്ടില്ലെന്നും ശ്രീമതി കൂട്ടിച്ചേർത്തു.

പാർട്ടിയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ സൃഷ്ടിച്ച വാർത്തയാണിത്. പിണറായിയുടെ വിലക്ക് എനിക്ക് ഉണ്ടെന്ന് വരുത്താൻ ശ്രമം ഉണ്ടായോ എന്ന് സംശയിക്കുന്നുവെന്നും പികെ ശ്രീമതി പറഞ്ഞു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് കഴിഞ്ഞ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും അവർ വിവരിച്ചു. ദേശീയ തലത്തില്‍ കേന്ദ്രീകരിക്കാനാണ് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് പറഞ്ഞ പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച വാര്‍ത്ത മെനഞ്ഞവരോടു തന്നെ അതിന്റെ വിശദാംശങ്ങള്‍ ചോദിക്കണമെന്നും ആവശ്യപ്പെട്ടു.

അതിനിടെ പി കെ ശ്രീമതിക്ക് പാർട്ടിയിൽ ഒരു വിലക്കുമില്ലെന്ന് ജനറൽ സെക്രട്ടറി എം എ ബേബിയും വിശദീകരിച്ചു. സംഘടനാപരമായി തീരുമാനിക്കുന്ന എല്ലാ യോഗങ്ങളിലും ശ്രീമതി പങ്കെടുക്കും. സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കേണ്ട സമയത്ത് അവർ പങ്കെടുക്കുമെന്നും ജനറൽ സെക്രട്ടറി വ്യക്തമാക്കി.

More Stories from this section

family-dental
witywide