തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകളിൽ നാളെ മുതൽ മദ്യശാലകളിൽ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു തുടങ്ങുന്നു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലാകും ശേഖരണം. പരീക്ഷണാടിസ്ഥാനത്തിൽ 20 ഔട്ട്ലെറ്റുകളിൽ കുപ്പികൾ വാങ്ങുക.
ഇനി പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധികം നൽകണം. ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ പണം തിരികെ നൽകും. വിജയം കണ്ടാൽ ജനുവരി മുതൽ സംസ്ഥാനത്തെ 285 ഔട്ട്ലെറ്റുകളിലും നടപ്പിലാക്കും. ഗ്ലാസ് – പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വാങ്ങുന്നവരിൽ നിന്ന് 20 രൂപ അധികം ഈടാക്കുന്ന ‘ഡെപ്പോസിറ്റ്’ പദ്ധതിയാണ് ബെവ്കോയിൽ നടപ്പാക്കുന്നത്. കുപ്പി തിരികെ നൽകിയാൽ ഈ തുക തിരികെ ലഭിക്കും. ബെവ്കോ സ്റ്റിക്കർ പതിച്ച കുപ്പികൾ ആരു തിരികെ കൊണ്ടുവന്നാലും 20 രൂപ നൽകും.
ബെവ്കോ സ്റ്റിക്കർ വ്യക്തമാകുന്ന നിലയിലായിരിക്കണം കുപ്പി തിരികെ എത്തിക്കേണ്ടത്.പരിസ്ഥിതി സംരക്ഷണത്തിനുള്ള ബെവ്കോയുടെ പുതിയ ചുവടുവയ്പാണിതെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞിരുന്നു. 20 രൂപ ഡെപോസിറ്റായി ഉപഭോക്താക്കളിൽ നിന്നും വാങ്ങുന്നതാണെന്നും ഇത് തിരികെ എത്തുക്കുമ്പോൾ ലഭിക്കുമെന്നും അതിനാൽ മദ്യ വിലയിൽ മാറ്റമുണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.











