
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ആര്‍എസ്എസ് ആസ്ഥാനത്ത് പോയതിൽ ഏവരെയും ഞെട്ടിക്കുന്ന അഭിപ്രായവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്ത്. മോദി പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നുവെന്നും, ആര്‍എസ്എസ് ആസ്ഥാനത്ത് പോയത് വിരമിക്കല്‍ അറിയിക്കാനെന്നുമാണ് ശിവസേന നേതാവ് അഭിപ്രായപ്പെട്ടത്. നരേന്ദ്രമോദി പ്രധാനമന്ത്രി പദം ഒഴിയുന്നുവെന്നും അടുത്ത നേതാവ് മഹാരാഷ്ട്രയില്‍ നിന്നായിരിക്കുമെന്നാണ് തനിക്ക് അറിയാനായതെന്നും സഞ്ജയ് മാധ്യമങ്ങളോട് പറഞ്ഞു.
ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനെ മോദി കണ്ടത് വിരമിക്കല്‍ അറിയിക്കാനാണ്. അധികാരത്തിലെത്തി 11 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ആര്‍എസ്എസ് ആസ്ഥാനം മോദി എന്തിന് സന്ദര്‍ശിച്ചുവെന്നും സഞ്ജയ റാവുത്ത് ചോദിച്ചു. 2029-ലെ തിരഞ്ഞെടുപ്പിന് മുന്‍പ് മോദി വിരമിക്കുന്നുവെന്നാണ് സൂചനയെന്നും സഞ്ജയ് പറയുന്നു. പ്രധാനമന്ത്രിയായി അധികാരമേറ്റിട്ട് ആദ്യമായിട്ടാണ് ആര്‍എസ്എസ് ആസ്ഥാനം നരേന്ദ്ര മോദി കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചത്.
ആര്‍എസ്എസിനെ ഇന്ത്യയുടെ അനശ്വര സംസ്‌കാരത്തിന്റെ ‘ആല്‍മരം’ എന്നാണ് മോദി വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി പദത്തിലിരിക്കെ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. 2012-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി ആർഎസ്എസ് ആസ്ഥാനത്തെത്തിയിരുന്നു.