
ന്യൂഡല്‍ഹി: വഖഫ് (ഭേദഗതി) നിയമത്തിനെതിരായ കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് മുസ്ലീം മതമൗലികവാദികളെ പ്രീണിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും പുതിയ നിയമത്തോടുള്ള അവരുടെ എതിര്‍പ്പ് ഇത് തെളിയിക്കുന്നുവെന്നും മോദി ആരോപിച്ചു. ഹരിയാനയിലെ ഹിസാര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കോണ്‍ഗ്രസ് എന്തുകൊണ്ടാണ് ഒരു മുസ്ലീം പ്രസിഡന്റിനെ നാമനിര്‍ദ്ദേശം ചെയ്യാത്തതെന്നും അവരുടെ തിരഞ്ഞെടുപ്പ് ടിക്കറ്റിന്റെ 50 ശതമാനം മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്യാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസിനെ ലക്ഷ്യം വച്ചുകൊണ്ട്, പ്രതിപക്ഷ പാര്‍ട്ടി ഭരണഘടനയെ അധികാരം നിലനിര്‍ത്താന്‍ ഒരു ഉപകരണമാക്കി മാറ്റിയെന്നും മോദി കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥയില്‍, ഭരണഘടനയുടെ ആത്മാവിനെ കൊലപ്പെടുത്തിയെന്നും. ഭരണഘടന ഒരു മതേതര സിവില്‍ കോഡിനെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ കോണ്‍ഗ്രസ് ഒരിക്കലും അത് നടപ്പിലാക്കിയിട്ടില്ലെന്നും അദ്ദേഹം കടന്നാക്രമിച്ചു.
ഇന്ന് ഉത്തരാഖണ്ഡില്‍ ഒരു ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കിയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍, കോണ്‍ഗ്രസ് ഇതിനെ എതിര്‍ക്കുന്നു. സംവരണത്തിന്റെ ഗുണങ്ങള്‍ എസ്സി/എസ്ടി, ഒബിസി വിഭാഗങ്ങളില്‍ എത്തിയോ എന്ന് പരിശോധിക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും മെനക്കെട്ടില്ല,’ പ്രധാനമന്ത്രി പറഞ്ഞു.