
അയോധ്യ: നിര്‍മ്മാണം പൂര്‍ത്തിയായ അയോധ്യാ രാമക്ഷേത്രത്തിൽ ധ്വജാരോഹണ ചടങ്ങ് നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിർമാണം പൂർത്തീകരിച്ചതിന്റെ പ്രതീകമായി ക്ഷേത്ര ഗോപുരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കാവി പതാക ഉയർത്തി. 2020 ല്‍ ക്ഷേത്ര നിര്‍മ്മാണം തുടങ്ങിയതും 2024 ല്‍ പ്രാണ പ്രതിഷ്ഠ നടത്തിയതും മോദിയായിരുന്നു. ‘ധ്വജാരോഹണം’ ചടങ്ങിൽ ഉയർത്തിയ പതാകയ്ക്ക് 10 അടി ഉയരവും 22 അടി നീളവുമുണ്ട്. ത്രികോണാകൃതിയിലുള്ള പതാകയിൽ നടുക്ക് സൂര്യ അടയാളവും അതിനുള്ളിൽ ഓം ചിഹ്നവും ആലേഖനം ചെയ്തിട്ടുണ്ട്. ആത്മാഭിമാനം, ഐക്യം, സാംസ്കാരിക തുടർച്ച എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് പതാക.
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. ഇന്ന് അയോധ്യയില്‍ മോദിയുടെ റോഡ് ഷോ നടക്കും. ചടങ്ങിന്റെ പശ്ചാത്തലത്തില്‍ അയോധ്യയില്‍ സുരക്ഷാ ശക്തമാക്കി. പ്രതീകാത്മകമായ “രണ്ടാം പ്രാണ പ്രതിഷ്ഠ” എന്ന് പലരും വിശേഷിപ്പിക്കുന്ന പരിപാടിക്ക് ശേഷം, പ്രധാനമന്ത്രി മോദി സദസ്സിനെ അഭിസംബോധന ചെയ്തു.
രാമക്ഷേത്രത്തിന്റെ ഔപചാരിക പൂർത്തീകരണത്തോടെ 500 വർഷം പഴക്കമുള്ള ദൃഢനിശ്ചയം ഒടുവിൽ പൂർത്തീകരിക്കപ്പെടുമ്പോൾ നൂറ്റാണ്ടുകളുടെ “മുറിവുകളും വേദനകളും” സുഖപ്പെടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2047 ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറണമെങ്കിൽ, നമ്മുടെ ഉള്ളിലെ രാമനെ “നമ്മൾ ഉണർത്തണം” എന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. “ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. ജനാധിപത്യം നമ്മുടെ ഡിഎൻഎയിലാണ്,” അദ്ദേഹം പറഞ്ഞു.
ആഘോഷ പരിപാടി കാണാന്‍ വന്‍ ജനക്കൂട്ടമാണ് ഒഴുകിയെത്തുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള ആളുകള്‍ അയോധ്യയില്‍ എത്തിയിട്ടുണ്ട്. നഗരവും ക്ഷേത്രവും 100 കിലോഗ്രാം പൂക്കളാല്‍ അലങ്കരിച്ചിട്ടുണ്ട്. ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 6,000 മുതൽ 7,000 വരെ അതിഥികളെ ക്ഷേത്ര ട്രസ്റ്റ് ഈ പരിപാടിക്കായി ക്ഷണിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കാശി പണ്ഡിതനായ ഗണേശ്വർ ശാസ്ത്രിയുടെ നേതൃത്വത്തിൽ അയോധ്യ, കാശി, ദക്ഷിണേന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള 108 ആചാര്യന്മാരാണ് ചടങ്ങുകൾ നിർവഹിക്കുക. അയോധ്യയിൽ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. എടിഎസ് കമാൻഡോകൾ, എൻഎസ്ജി സ്‌നൈപ്പർമാർ, സൈബർ ടീമുകൾ, സാങ്കേതിക ജീവനക്കാർ എന്നിവരുൾപ്പെടെ 6970 സുരക്ഷാ ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്.
PM hoists flag at Ayodhya Ram Temple.















