
ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറും അടക്കം വിശദീകരിക്കാന്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യയുടെ പാര്‍ലമെന്ററി പ്രതിനിധി സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്താന്‍ സാധ്യതയെന്ന് വിവരം. കൂടിക്കാഴ്ച എപ്പോള്‍ നടക്കുമെന്ന് വ്യക്തമല്ലെങ്കിലും ജൂണ്‍ 9 അല്ലെങ്കില്‍ 10നായിരിക്കാമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ നയതന്ത്രജ്ഞര്‍ക്ക് പുറമേ 59 ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന ബഹുകക്ഷി പ്രതിനിധി സംഘങ്ങള്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെ 33 രാജ്യങ്ങളിലെ അവരുടെ യാത്രാ പരിപാടിയുടെ ഭൂരിഭാഗവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചില സംഘങ്ങള്‍ ഇപ്പോഴും യാത്ര തുടരുന്നു.
ഓപ്പറേഷന്‍ സിന്ദൂറിനുശേഷം ലോകമെമ്പാടും ഇന്ത്യയുടെ പ്രതിനിധികളെ അയയ്ക്കാനുള്ള പ്രധാന ആശയം പ്രധാനമന്ത്രിയില്‍ നിന്നാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. എല്ലാ പ്രതിനിധികളെയും കാണാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം ഒരു സുപ്രധാന ചുവടുവയ്പ്പാണെന്നാണ് വിലയിരുത്തല്‍. പ്രതിനിധി സംഘങ്ങളും പ്രധാനമന്ത്രിയും തമ്മിലുള്ള ആദ്യ ആശയവിനിമയമാണിത്.















