
ന്യൂഡല്‍ഹി : ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഞായറാഴ്ച വ്യോമസേനാ മേധാവി എ.പി. സിംഗിനെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. അറബിക്കടലിലെ നിര്‍ണായകമായ കടല്‍ പാതകളിലെ മൊത്തത്തിലുള്ള സ്ഥിതിഗതികളെക്കുറിച്ച് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി ശനിയാഴ്ച പ്രധാനമന്ത്രി മോദിയെ സന്ദര്‍ശിച്ചിരുന്നു. പിന്നാലെയാണ് വ്യോമസേനാ മേധാവിയും പ്രധാനമന്ത്രിയെ കണ്ടത്.
ഏതുനിമിഷവും പാക്കിസ്ഥാനെതിരെ തിരിച്ചടി നല്‍കാന്‍ ഇന്ത്യ തയ്യാറായിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ദിവസങ്ങള്‍ക്കുമുമ്പ് പ്രധാനമന്ത്രി മോദി ഇന്ത്യന്‍ സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളുടെയും മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, പ്രതിരോധ സ്റ്റാഫ് മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിംഗ് എന്നിവരും മോദിക്കൊപ്പം യോഗത്തില്‍ പങ്കെടുത്തു.