ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി, 48 മണിക്കൂറിനുള്ളില്‍ ഇരുവരുടേയും കൂടിക്കാഴ്ച രണ്ടാം തവണ

ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ സൈനിക പ്രതികരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെ ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രിക്ക് ഇദ്ദേഹം വിശദീകരണം നല്‍കുന്നത്. അതേസമയം, ശത്രു ആക്രമണമുണ്ടായാല്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കാനും സംസ്ഥാനങ്ങളില്‍ മോക് ഡ്രില്ലുകള്‍ നടത്താനും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. നാളെയാണ് മോക്ഡ്രില്ലുകള്‍ നടത്തുക.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലല്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍, കരസേന, നാവികസേന, വ്യോമസേനാ മേധാവികള്‍ എന്നിവരുമായി മോദി ഒന്നിലധികം ഉന്നതതല യോഗങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതോടെ പാക്കിസ്ഥാനെതിരെ തിരിച്ചടിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുകയാണെന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി ഡോവലിനെയും ജനറല്‍ ചൗഹാനെയും കാണുകയും ഇന്ത്യയുടെ സൈനിക പ്രതികരണത്തിന്റെ രീതി, ലക്ഷ്യങ്ങള്‍, സമയം എന്നിവ തീരുമാനിക്കാന്‍ എല്ലാ സേനയ്ക്കും പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുകയും ചെയ്തിരുന്നു. ആക്രമണ ഭീതിയില്‍ പാക്കിസ്ഥാനും തയ്യാറെടുപ്പുകള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മാരക ശേഷിയുള്ളതെന്ന് അവകാശപ്പെട്ട രണ്ട് മിസൈലുകള്‍ പാക്കിസ്ഥാന്‍ പരീക്ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്.

More Stories from this section

family-dental
witywide