
ഡൽഹി: അഹമ്മദാബാദിലെ വിമാന ദുരന്തം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. രാജ്യത്തെയാകെ ഞെട്ടിച്ച ദുരന്തത്തിൽ അതീവ ദുഃഖമുണ്ടെന്നും വാക്കുകൾക്ക് അതീതമായ വേദനയാണെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ദുരന്തം ബാധിച്ച എല്ലാവർക്കുമൊപ്പമുണ്ടെന്നും രക്ഷാപ്രവർത്തനം അതിവേഗം നടക്കുകയാണെന്നും മോദി വിവരിച്ചു. ദുരിതബാധിതരെ സഹായിക്കാൻ ബന്ധപ്പെട്ട മന്ത്രിമാർക്കും ഭരണകർത്താക്കൾക്കും കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രിമാരും, ഉദ്യോഗസ്ഥ സംഘവുമായി നിരന്തരം ബന്ധപ്പെടുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടം ഹൃദയഭേദകമാണെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. യാത്രക്കാരുടെയും ജീവനക്കാരുടെയും കുടുംബങ്ങൾ അനുഭവിക്കുന്ന വേദനയും ഉത്കണ്ഠയും സങ്കൽപ്പിക്കാനാവാത്തതാണ്. ഈ അവിശ്വസനീയമാംവിധം ദുഷ്‌കരമായ നിമിഷത്തിൽ എന്റെ ചിന്തകൾ അവരിൽ ഓരോരുത്തരോടൊപ്പമുണ്ടെന്നും രാഹുൽ എക്സിൽ കുറിച്ചു. ഭരണകൂടത്തിന്റെ അടിയന്തര രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും നിർണായകമാണ്, ഓരോ ജീവനും പ്രധാനമാണ്, ഓരോ നിമിഷവും പ്രധാനമാണെന്നും കോൺഗ്രസ് പ്രവർത്തകരെല്ലാം സഹായത്തിനായി രംഗത്തെത്തണമെന്നും രാഹുൽ ആഹ്വാനം ചെയ്തു.
അതേസമയം അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണസംഖ്യ ഉയരുകയാണ്. 133 മരണം സ്ഥിരീകരിച്ചെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഉച്ചയോടെ അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കു പോയ എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് തകർന്നുവീണത്. വിമാനം തീഗോളമായി തകർന്ന് വീണതിനാൽ അപകടത്തിൽപ്പെട്ട മിക്കവരുടെയും സ്ഥിതി ഗുരുതരമാണെന്നാണ് വ്യക്തമാകുന്നത്. ജനവാസ മേഖലയിൽ തകർന്നു വീണതും ദുരന്തത്തിന്‍റെ വ്യാപ്തി വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ്. വിമാനത്തിൽ 232 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം നിരവധി പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.










