പാരിസിൽ പറന്നിറങ്ങിയ മോദിക്ക് വമ്പൻ സ്വീകരണം, മാക്രോണിനൊപ്പം അത്താഴ വിരുന്നു, ഇന്ന് എ ഐ ഉച്ചകോടി; ശേഷം അമേരിക്കയിലേക്ക്, ട്രംപുമായുള്ള ചർച്ച വ്യാഴാഴ്ച

പാരിസ്: യു എസ് – ഫ്രാൻസ് വിദേശ സന്ദർശനത്തിന്‍റെ ഭാഗമായി പാരിസിൽ പറന്നിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മളമായ സ്വീകരണം. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ ഒരുക്കുന്ന അത്താഴ വിരുന്നിൽ പ്രധാനമന്ത്രി പങ്കെടുത്തു. നാളെ നടക്കുന്ന എ ഐ ഉച്ചകോടിയിൽ മക്രോണിനൊപ്പം മോദി സഹ അധ്യക്ഷനാകും. ശേഷം ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണുമായി മോദി ചര്‍ച്ചയും നടത്തും. ഫ്രാൻസിൽ നിന്ന് ചെറിയ ആണവ റിയാക്ടറുകൾ ഇന്ത്യ വാങ്ങാനുള്ള കരാറിൽ ഇരു നേതാക്കളും ഒപ്പു വയ്ക്കും.

ഫ്രാൻസിന് പിന്നാലെ അമേരിക്കയും മോദി സന്ദർശിക്കുന്നുണ്ട്. ഇമ്മാനുവല്‍ മാക്രോണും ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചകളിലൂടെ ഇന്ത്യ-ഫ്രാന്‍സ്, ഇന്ത്യ-അമേരിക്ക ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുമെന്ന പ്രതീക്ഷ നേരത്തേ പ്രധാനമന്ത്രി പങ്കുവെച്ചിരുന്നു. ബുധനാഴ്ച അമേരിക്കയിൽ എത്തുന്ന നരേന്ദ്ര മോദി വ്യാഴാഴ്ച വൈറ്റ് ഹൗസിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.

‘എന്‍റെ സുഹൃത്തായ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് കാണുന്നത്. ട്രംപിന്റെ ചരിത്രപരമായ വിജയത്തിനു ശേഷം നടക്കുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്. ട്രംപിന് ആദ്യ ഭരണകാലത്ത്, അദ്ദേഹവുമായി ചേര്‍ന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്രമായ നയതന്ത്ര സഹകരണം സ്ഥാപിക്കാന്‍ കഴിഞ്ഞത് വളരെ ഊഷ്മളമായ അനുഭവമായിരുന്നു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിവൃദ്ധിക്കായും ലോകത്തിന്റെ മികച്ച ഭാവിക്കായും ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് പ്രവര്‍ത്തിക്കും’ – അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി മോദി പറഞ്ഞത് ഇങ്ങനെയായിരുന്നു.

Also Read

More Stories from this section

family-dental
witywide