
പോർട്ട് ലൂയിസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും അന്താരാഷ്ട്ര ബഹുമതി. നേരത്തെ 20 രാജ്യങ്ങളുടെ ബഹുമതി സ്വന്തമാക്കിയിട്ടുള്ള മോദിക്ക് ഇന്ന് രാജ്യത്തെ പരമോന്നത ബഹുമതി സമ്മാനിച്ചത് മൗറീഷ്യസാണ്. മൗറീഷ്യസ് സന്ദർശനത്തിനിടെയാണ് നരേന്ദ്ര മോദിക്ക് രാജ്യത്തെ പരമോന്നത ബഹുമതി സമ്മാനിച്ചത്. മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലമാണ് രാജ്യത്തെ പരമോന്നത ബഹുമതിയായ ‘ദി ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ’ മോദിക്ക് സമ്മാനിച്ചത്. മൗറീഷ്യസിന്‍റെ പരമോന്നതബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനും ലോകത്തെ അഞ്ചാമത്തെ നേതാവുമായി ഇതോടെ മോദി മാറി.
നെൽസൺ മണ്ടേലയടക്കമുള്ള 4 പേരാണ് മൗറീഷ്യസ് പരമോന്നത ബഹുമതി നേരത്തെ സ്വന്തമാക്കിയിട്ടുള്ളത്. നെൽസൺ മണ്ടേലക്ക് 1998 ലാണ് ബഹുമതി സമ്മാനിച്ചത്. ഈ ബഹുമതിക്ക് ഏറ്റവും അനുയോജ്യനാണ് മോദിയെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലം പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ സമൂഹത്തിനായുള്ള ഒരു പ്രത്യേക പരിപാടിയിലാണ് മൗറീഷ്യസ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. മൗറീഷ്യസ് ദേശീയ ദിനാഘോഷത്തിലെ മുഖ്യാതിഥിയായി പങ്കെടുത്ത പ്രധാനമന്ത്രി മോദി, ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ആഴത്തിലുള്ള നയതന്ത്ര, സാംസ്കാരിക ബന്ധങ്ങൾ എടുത്തുകാട്ടിയാണ് സംസാരിച്ചത്.
സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി, മൗറീഷ്യസ് പ്രസിഡന്റ് ധരംബീർ ഗോഖൂലിനും പ്രഥമ വനിത ബൃന്ദ ഗോഖൂലിനും ഇന്ത്യയുടെ സ്നേഹ സമ്മാനങ്ങൾ നൽകി. പിച്ചള, ചെമ്പ് പാത്രത്തിൽ മഹാകുംഭത്തിൽ നിന്നുള്ള വിശുദ്ധ സംഗമജലം, സൂപ്പർഫുഡ് മഖാന, പരമ്പരാഗത സദേലി പെട്ടിയിൽ നിർമ്മിച്ച അതിമനോഹരമായ ബനാറസി സിൽക്ക് സാരി എന്നിവയാണ് മോദി സമ്മാനിച്ചത്. മൗറീഷ്യസിലെ സ്റ്റേറ്റ് ഹൗസിലുള്ള ആയുർവേദ ഗാർഡനും പ്രധാനമന്ത്രി മോദി സന്ദർശിച്ചു. ഇന്ത്യാ ഗവൺമെന്റുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഒരു പദ്ധതിയാണിത്. പ്രസിഡന്റ് ധരംബീർ ഗോഖൂലിനൊപ്പം, പരമ്പരാഗത ആരോഗ്യത്തിനും ഔഷധസസ്യങ്ങൾക്കും ഇന്ത്യയുടെ സംഭാവനകളെ പ്രതീകപ്പെടുത്തുന്ന പൂന്തോട്ടവും അദ്ദേഹം സന്ദർശിച്ചു. മൗറീഷ്യസ് പ്രസിഡന്റ് ഒരുക്കിയ പ്രത്യേക ഉച്ചഭക്ഷണ വേളയിൽ, ഊഷ്മളമായ ആതിഥ്യമര്യാദയ്ക്ക് പ്രധാനമന്ത്രി മോദി ഹൃദയംഗമമായ നന്ദി പ്രകടിപ്പിക്കുകയും മൗറീഷ്യസുമായുള്ള നിലനിൽക്കുന്ന ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത വ്യക്തമാക്കുകയും ചെയ്തു.