മോദിക്ക് ഓർഡർ ഓഫ് ഒമാൻ പുരസ്കാരം സമ്മാനിച്ച് ഒമാൻ സുൽത്താൻ, നിർണായക കരാറുകളിൽ ഒപ്പുവച്ചു; ഒമനാനിൽ മലയാളികളോട് ‘സുഖമാണോ’ ചോദിച്ച് പ്രധാനമന്ത്രി

മസ്കറ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് സമ്മാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികത്തിൽ നടന്ന രണ്ട് ദിവസത്തെ സന്ദർശന വേളയിലാണ് ഈ ആദരം. അൽ ബറക കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയും ഒമാനും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) ഒപ്പുവച്ചു. ഇതോടെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വ്യാപാരത്തിൽ തീരുവ കുറയുകയോ ഇല്ലാതാവുകയോ ചെയ്യും, പ്രത്യേകിച്ച് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഒമാനിൽ കൂടുതൽ വിപണി ലഭ്യമാകും.

ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത മോദി മലയാളത്തിൽ സംസാരിച്ച് ശ്രദ്ധ നേടി. “ഇവിടെ ധാരാളം മലയാളികളുണ്ട്, സുഖമാണോ?” എന്ന് ചോദിച്ച പ്രധാനമന്ത്രിയുടെ വാക്കുകൾ സദസ്സിനെ ആവേശത്തിലാക്കി. ഒമാനിൽ ‘മിനി ഇന്ത്യ’ കാണാൻ കഴിഞ്ഞുവെന്നും മലയാളികൾ മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി ഭാഷക്കാർ ഉൾപ്പെടെയുള്ളവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒമാൻ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ മദീനത്തുൽ ഇർഫാൻ തിയേറ്ററിലായിരുന്നു ഈ പരിപാടി.

ഊർജം, പ്രതിരോധം, സാങ്കേതികവിദ്യ, കൃഷി തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനുള്ള ചർച്ചകളും സന്ദർശനത്തിന്റെ ഭാഗമായി. ഇന്ത്യൻ നിക്ഷേപങ്ങൾ ഒമാനിൽ വർധിക്കുന്നതിനും വ്യാപാരം ഇരട്ടിയാക്കുന്നതിനും ഈ കരാറുകൾ വഴി തുറക്കുമെന്നാണ് പ്രതീക്ഷ. മോദിയുടെ ഈ സന്ദർശനം ഇന്ത്യ-ഒമാൻ ബന്ധത്തെ പുതിയ ഉയരത്തിലെത്തിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

More Stories from this section

family-dental
witywide