
പോർട്ട് ഓഫ് സ്പെയിൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 25 -ാം അന്താരാഷ്ട്ര പുരസ്കാരം. ട്രിനിഡാഡ് ആൻഡ് ടൊബാഗോ പരമോന്നത ബഹുമതിയായ ‘ദി ഓർഡർ ഓഫ് ദി റിപ്പബ്ലിക്’ നൽകി മോദിയെ ആദരിച്ചു. ഇതോടെയാണ് മോദിക്ക് കിട്ടിയ അന്താരാഷ്ട്ര ബഹുമതികളുടെ എണ്ണം 25 ആയത്. ട്രിനിഡാഡ് ആൻഡ് ടൊബാഗോ പരമോന്നത ബഹുമതിയായ ‘ദി ഓർഡർ ഓഫ് ദി റിപ്പബ്ലിക്’ നൽകി ആദരിച്ച ആദ്യ വിദേശ നേതാവാണ് മോദി. 140 കോടി ഇന്ത്യാക്കാർക്ക് വേണ്ടി പുരസ്കാരം അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. പ്രസിഡന്‍റ് ക്രിസ്റ്റിൻ കാർല കംഗാലൂവുമായി മോദി കൂടികാഴ്ച നടത്തി. ട്രിനിഡാഡ് ആൻഡ് ടൊബാഗോ പാർലമെന്‍റിനെയും ഇന്ത്യൻ പ്രധാനമന്ത്രി അഭിസംബോധന ചെയ്ത് സംസാരിച്ചു.
ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്നാണ് മോദി പറഞ്ഞത്. വികസ്വര രാജ്യങ്ങൾ ആഗോള രംഗത്ത് ഉയർന്നുവരികയാണ്, നീതിയുക്തമായ പുതിയൊരു ലോകക്രമം വികസ്വര രാജ്യങ്ങൾ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വികസ്വര രാജ്യങ്ങളുടെ മുൻഗണന എപ്പോഴും ഗ്ലോബൽ സൗത്തിനായിരിക്കണമെന്നും മോദി ചൂണ്ടികാട്ടി. സമഗ്രമായ കാഴ്ചപ്പാടും പരസ്പര സഹകരണവും വികസ്വര രാജ്യങ്ങൾക്ക് വഴികാട്ടിയാകണമെന്നും മോദി അഭിപ്രായപ്പെട്ടു. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ 2025 ൽ ഇന്ത്യൻ കുടിയേറ്റക്കാരുടെ 180-ാം വാർഷികം ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സന്ദർശനം. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം ശക്തിപ്പെടുത്താൻ മോദിയുടെ സന്ദർശനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലേക്കുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്.
കഴിഞ്ഞ ദിവസം ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’യും മോദിക്ക് ലഭിച്ചിരുന്നു. ഈ മഹത്തായ ബഹുമതിക്ക് പ്രധാനമന്ത്രി മോദി ഘാനയോട് നന്ദി പ്രകടിപ്പിക്കുകയും ഇന്ത്യയിലെ മുഴുവൻ പൗരന്മാർക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.