ഡൽഹി സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രിയിൽ നിന്ന് വിവരങ്ങൾ തേടി, സ്ഥിതി വിലയിരുത്തി; ഭീകരാക്രമണമെന്ന് സൂചന

ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നടന്ന ശക്തമായ കാർ ബോംബ് സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി സംഭവത്തിൽ ആഴമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ബാധിതർക്ക് എല്ലാ സഹായവും നൽകുമെന്നും മോദി ഉറപ്പുനൽകി.

ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഫോടന സ്ഥലത്തെത്തി പരിശോധന നടത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം പ്രതികരിച്ച അദ്ദേഹം, സ്ഫോടനം ഐ20 കാറിലാണെന്ന് സ്ഥിരീകരിച്ചു. എൻഐഎ ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം ഏറ്റെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതടക്കമുള്ള നടപടികൾ പുരോഗമിക്കുന്നു. ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം വൈകീട്ട് 6.55 ഓടെ ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട ഐ20 കാറാണ് പൊട്ടിത്തെറിച്ചതെന്ന് അമിത് ഷാ വ്യക്തമാക്കി. സമീപത്തെ വാഹനങ്ങൾക്ക് തീപിടിക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സ്ഫോടനം ഭീകരാക്രമണമാണെന്നാണ് ഉന്നത വൃത്തങ്ങളുടെ പ്രാഥമിക സൂചന.

ഡൽഹി പൊലീസ് കമ്മീഷണർ സതീഷ് ഗോൾചയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിനുള്ളിൽ ഒന്നിലധികം പേർ ഉണ്ടായിരുന്നുവെന്ന് പ്രാഥമിക റിപ്പോർട്ട്. പുതിയ വാഹനമാണോ എന്നതിൽ പൊലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. സംഭവത്തെ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. അയൽസംസ്ഥാനങ്ങളിലും കനത്ത സുരക്ഷാ നിർദേശം നൽകി. കേരളത്തിലടക്കം ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide