‘അസാമാന്യ ധൈര്യമുള്ള വ്യക്തി, വെടിയേറ്റപ്പോഴും അത് കണ്ടു’, പോഡ്കാസ്റ്റ് അഭിമുഖത്തിൽ ട്രംപിനെ വാഴ്ത്തി പാടി മോദി; ‘ആദ്യ നിരാഹാരം ഗാന്ധിയിൽ ആകൃഷ്ടനായി’

ഡൽഹി: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മടങ്ങിയെത്തിയ ഡോണൾഡ് ട്രംപിനെ വാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അസാമാന്യ ധൈര്യമുള്ള വ്യക്തിയാണ് ട്രംപെന്നാണ് മോദി വാഴ്ത്തിയത്. തന്‍റെ രണ്ടാമത്തെ പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് മോദി, ട്രംപിനെ അസാമാന്യ ധൈര്യമുള്ള വ്യക്തിയെന്ന് വിശേഷിപ്പിച്ചത്. അമേരിക്കൻ പോഡ്‌കാസ്റ്റർ ലെക്സ് ഫ്രിഡ്മാന്റെ പോഡ്‌കാസ്റ്റിൽ മൂന്നേകാൽ മണിക്കൂറോളമാണ് മോദി സംസാരിച്ചത്. ആദ്യ ഭരണകാലത്തെ ട്രംപിനെയല്ല രണ്ടാം ടേമിൽ കാണുന്നത്. അദ്ദേഹത്തിനിപ്പോൾ കൃത്യമായ പദ്ധതികളുണ്ട്. ട്രംപിന്‍റെ ലക്ഷ്യങ്ങൾ ഫലപ്രാപ്തിയിലെത്തിക്കാൻ കഴിയുന്ന ശക്തരായ ഒരു ടീം അദ്ദേഹത്തിനൊപ്പമുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.

പ്രചാരണത്തിനിടെ വെടിയേറ്റപ്പോൾ പോലും ട്രംപിന്‍റെ അസാമാന്യ ധൈര്യവും നിശ്ചയദാർഢ്യവും കണ്ടെന്നും പ്രധാനമന്ത്രി വിവരിച്ചു. ഇന്ത്യ ആദ്യം എന്ന തൻ്റെ മുദ്രാവാക്യം പോലെയാണ് ട്രംപിൻ്റെ അമേരിക്ക ആദ്യം എന്ന നയമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. പ്രസിഡൻ്റ് പദവിയിൽ അല്ലാതിരുന്ന കാലത്തും മോദി നല്ല സുഹൃത്തെന്നാണ് ട്രംപ് പറഞ്ഞത്. പരസ്പരം കാണാതിരുന്ന കാലത്തും ബന്ധം ശക്തമായിരുന്നു. പരസ്പര വിശ്വാസവും, സുശക്തമായ ബന്ധവും താനും ട്രംപും തമ്മിലുണ്ട്. ഹൗഡി മോദി പരിപാടി മുതൽ തനിക്ക് അത് അനുഭവിക്കാൻ കഴിഞ്ഞു. താൻ ഒരു കർക്കശക്കാരനായ വിലപേശലുകാരനാണെന്ന ട്രംപിൻ്റെ പരാമർശത്തോട് പ്രതികരിക്കുന്നില്ല. തൻ്റെ രാജ്യത്തിൻ്റെ താത്പര്യമാണ് ട്രംപിന് മുന്നിൽ അവതരിപ്പിച്ചത്. ഏത് വേദിയിലും രാജ്യതാത്പര്യമാണ് താൻ മുന്നോട്ട് വെക്കുന്നത്. ആ ഉത്തരവാദിത്തമാണ് ജനം തന്നെ ഏൽപ്പിച്ചത്. തൻ്റെ രാജ്യമാണ് തൻ്റെ ഹൈക്കമാൻഡെന്നും മോദി കൂട്ടിച്ചേർത്തു.

മോദിയെന്ന പേരല്ല ഇന്ത്യൻ ജനതയാണ് തൻ്റെ കരുത്തെന്ന് പറഞ്ഞ പ്രധാനമന്ത്രി, വിമർശനം ജനാധിപത്യത്തിന്റെ കാതലാണെന്നും എല്ലാ വിമർശനങ്ങളെയും സ്വാഗതം ചെയ്യുന്നതായും വിവരിച്ചു. സമാധാനത്തെ കുറിച്ചുള്ള ഇന്ത്യയുടെ വാക്കുകൾ ലോകം ശ്രവിക്കുന്നത് ഗാന്ധിയുടെയും ബുദ്ധൻ്റെയും മണ്ണായതിനാലാണ്. ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്ടനായാണ് താൻ ആദ്യമായി നിരാഹാരം അനുഷ്ഠിച്ചതെന്നും അഭിമുഖത്തിൽ മോദി പറഞ്ഞു. അതിന് ശേഷം കേവലം ഭക്ഷണം ഒഴിവാക്കുന്നതിനപ്പുറം നിരാഹാരത്തിന് പ്രത്യേകതകളുണ്ടെന്ന് മനസിലാക്കി. ഇതിന് ശേഷം പല പരീക്ഷണങ്ങളിലൂടെ തന്റെ ശരീരത്തെയും മനസിനെയും താൻ ശുദ്ധീകരിച്ചുവെന്നും മോദി കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide