മോദി ഇന്ന് മണിപ്പൂരില്‍, വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനം, അതീവ സുരക്ഷ

ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മണിപ്പൂര്‍ സന്ദര്‍ശിക്കും. രണ്ട് വര്‍ഷം മുമ്പ് വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനമാണിത്.’പ്രധാനമന്ത്രിയുടെ ശനിയാഴ്ചത്തെ മണിപ്പൂര്‍ സന്ദര്‍ശനം സംസ്ഥാനത്തെ സമാധാനത്തിനും സാധാരണ നിലയ്ക്കും വളര്‍ച്ചയ്ക്കും വഴിയൊരുക്കും,’-ഇംഫാലില്‍ ചീഫ് സെക്രട്ടറി പുനീത് കുമാര്‍ ഗോയല്‍ പറഞ്ഞു.

2023 മെയ് മുതല്‍ 260-ലധികം പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകളെ നാടുവിടാന്‍ പ്രേരിപ്പിക്കുകയും ചെയ്ത കുക്കി- മെയ്തെയ് സമുദായങ്ങള്‍ തമ്മിലുള്ള വംശീയ സംഘര്‍ഷങ്ങള്‍ക്ക് ശേഷം മോദി ഒരിക്കല്‍ പോലും ഇവിടം സന്ദര്‍ശിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടവെച്ചു. പ്രതിപക്ഷ വിമര്‍ശനം കടുപ്പിച്ചതോടെയാണ് അദ്ദേഹത്തിന്റെ മണിപ്പൂര്‍ യാത്ര.

ബൈരാബി-സൈരംഗ് റെയില്‍വേ ലൈന്‍ പദ്ധതി ഉള്‍പ്പെടെ ഇന്ന് 8,000 കോടിയിലധികം രൂപയുടെ പദ്ധതികളാണ് മോദി മണിപ്പൂരും മിസോറാമും ഉദ്ഘാടനം ചെയ്യുക. കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പൂരിലെ പീസ് ഗ്രൗണ്ടില്‍ നിന്ന്, 7,300 കോടിയുടെ വികസന പദ്ധതികള്‍ക്ക് അദ്ദേഹം തറക്കല്ലിടും. മെയ്തെയി ഭൂരിപക്ഷ പ്രദേശമായ ഇംഫാലില്‍, 1,200 കോടിയുടെ അടിസ്ഥാന സൗകര്യ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്ന പൊതുജനങ്ങള്‍ താക്കോലുകള്‍, പേനകള്‍, വാട്ടര്‍ ബോട്ടിലുകള്‍, ബാഗുകള്‍, തൂവാലകള്‍, കുടകള്‍, ലൈറ്ററുകള്‍, തീപ്പെട്ടികള്‍, തുണിക്കഷണങ്ങള്‍, മൂര്‍ച്ചയുള്ള വസ്തുക്കള്‍ അല്ലെങ്കില്‍ ആയുധങ്ങള്‍ തുടങ്ങിയവ ഒന്നും കൈവശം വയ്ക്കരുതെന്ന് പ്രത്യേക നിര്‍ദേശമുണ്ട്. മാത്രമല്ല, 12 വയസ്സിന് താഴെയുള്ള കുട്ടികളെയോ അസുഖബാധിതരെയോ പരിപാടിയിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. മോദിയുടെ സന്ദര്‍ശനത്തിന് മുമ്പ് ചുരാചന്ദ്പൂര്‍ ജില്ലയില്‍ സര്‍ക്കാര്‍ എയര്‍ ഗണ്‍ നിരോധിച്ചിരുന്നു. ഇംഫാലിലും ചുരാചന്ദ്പൂര്‍ പട്ടണത്തിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

അതേസമയം, മോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സ്വാഗതം ചെയ്തു.

More Stories from this section

family-dental
witywide