
ടിയാൻജിൻ: ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന യിൽ എത്തി. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുന്നതിനുമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. യുഎസിൻ്റെ താരിഫ് നയങ്ങൾ ഇന്ത്യ – യുഎസ് ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കിയതിനിടെയാണ് മോദിയുടെ ചൈനീസ് സന്ദർശനമെന്നത് ശ്രദ്ധേയമാണ്. ടിയാൻജിനിൽ വിമാനമിറങ്ങിയ മോദിക്ക് ചൈന ഊഷ്മള സ്വീകരണമൊരുക്കി.
“ചൈനയിലെ ടിയാൻജിനിൽ വിമാനമിറങ്ങി. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിലെ ചർച്ചകൾക്കും വിവിധ ലോക നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കും വേണ്ടി കാത്തിരിക്കുന്നു”- പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. ഓഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തീയതികളിലാണ് ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടി നടക്കുക. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ലോക സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനും ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം ജപ്പാനിൽ നിന്നാണ് പ്രധാനമന്ത്രി ചൈനയിലെത്തിയത്. ഉച്ചകോടിയുടെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും മറ്റ് പല നേതാക്കളുമായും പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും. ചൈനയിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി ലോക സാമ്പത്തിക ക്രമത്തിന് സ്ഥിരത കൈവരിക്കാൻ ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് മോദി പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യ സന്ദർശിച്ച് രണ്ടാഴ്ച തികയുന്നതിന് മുൻപാണ് പ്രധാനമന്ത്രിയുടെ ചൈനാ സന്ദർശനം.