
ന്യൂഡല്‍ഹി : മാലിദ്വീപിലേക്കുള്ള ദ്വിദിന സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ബന്ധത്തിന്റെ ചരിത്രപരവും തന്ത്രപരവുമായ ആഴം വീണ്ടും ഉറപ്പിച്ചു. ‘ഇന്ത്യ ഔട്ട്’ എന്ന് പറഞ്ഞവരെക്കൊണ്ട് ഏറ്റവും വിശ്വസ്തനായ സുഹൃത്തെന്ന് പറയിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ നീക്കം.
വ്യാപാരം, പ്രതിരോധം, സമുദ്ര സുരക്ഷ എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി മോദി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തി. ‘നമ്മുടെ ബന്ധങ്ങളുടെ വേരുകള്‍ ചരിത്രത്തേക്കാള്‍ പഴക്കമുള്ളതും സമുദ്രം പോലെ ആഴമുള്ളതുമാണ്,’ മോദി തന്റെ ദ്വിദിന മാലി സന്ദര്‍ശന വേളയില്‍ പറഞ്ഞു.
ഇന്ത്യയെ ഇന്ത്യന്‍ മഹാസമുദ്ര ദ്വീപസമൂഹത്തിന്റെ ‘ഏറ്റവും വിശ്വസ്തനായ’ സുഹൃത്ത് എന്ന് വിളിച്ചു കൊണ്ട്, ഞങ്ങള്‍ക്ക്, എല്ലായ്‌പ്പോഴും സൗഹൃദമാണ് ആദ്യം,’ എന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു,
ഇന്ത്യ ഔട്ട് എന്ന പ്രചാരണങ്ങളെത്തുടര്‍ന്ന് പിരിമുറുക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഇന്ത്യ- മാലി ഉഭയകക്ഷി ബന്ധങ്ങളില്‍ ഈ കൂടിക്കാഴ്ച ഒരു പ്രധാന വഴിത്തിരിവായി.
മാലിദ്വീപിന് 4,850 കോടി രൂപ വായ്പ നല്‍കുമെന്ന് ഇന്ത്യ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ദ്വീപിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായാണ് ഈ തുക ഉപയോഗിക്കുക.