
ഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപ് അധികാരം ഏറ്റെടുത്തതിന് ശേഷം ഇത് രണ്ടാം തവണയാണ് മോദി അദ്ദേഹവുമായി ഫോണിൽ സംസാരിക്കുന്നത്. എക്‌സിലൂടെ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
‘പ്രിയസുഹ്യത്ത് ഡോണൾഡ് ട്രംപുമായി സംസാരിക്കുന്നതിൽ സന്തോഷമുണ്ട്. ചരിത്രപരമായ രണ്ടാം ടേമിൽ അദ്ദേഹത്തിനെ അഭിനന്ദിക്കുന്നതിനൊപ്പം പരസ്പര സഹകരണത്തോടെ മുന്നോട്ടുപോകണമെന്ന് ആഹ്വാനം ചെയ്തു. ജനക്ഷേമത്തിനും ആഗോളസമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കും’- മോദി എക്‌സിൽ കുറിച്ചു.
ജനുവരി 20-ന് ട്രംപിന്റെ സ്ഥാനാരോഹണത്തിനും പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്റിനെ വിളിച്ച അഭിനന്ദനം അറിയിച്ചിരുന്നു. നേരത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തത്. കുടിയേറ്റ വിഷയങ്ങളിൽ അടക്കമുള്ള ഇന്ത്യയുടെ ആശങ്ക നേരത്തെ അമേരിക്കയെ ധരിപ്പിച്ചിരുന്നു.