
ഡൽഹി: നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന ജിഎസ്ടി നിരക്ക് കുറവ് സാധാരണക്കാർക്ക് വലിയ ആശ്വാസം പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, നവരാത്രി ആശംസകൾ നേർന്ന അദ്ദേഹം, ഈ നിരക്ക് ഇളവ് ജിഎസ്ടി ഉത്സവത്തിന്റെ തുടക്കമാണെന്നും അവകാശപ്പെട്ടു.
നവരാത്രിയുടെ ആദ്യദിനം മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ജിഎസ്ടി നിരക്കുകൾ സാധാരണ ജനങ്ങൾക്ക് വലിയ ആനുകൂല്യം നൽകുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഈ പരിഷ്കാരം മധ്യവർഗം, യുവാക്കൾ, കർഷകർ തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിത്യോപയോഗ സാധനങ്ങളുടെ വില കുറയുന്നതോടെ ജനങ്ങളുടെ നികുതി ഭാരം ലഘൂകരിക്കപ്പെടുമെന്നും, ‘നാഗരിക് ദേവോ ഭവ’ എന്ന നയത്തിന്റെ ഭാഗമായി ഒരു രാജ്യം, ഒരു നികുതി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണെന്നും മോദി പറഞ്ഞു.
പുതിയ ജിഎസ്ടി ഘടനയിലൂടെ 99 ശതമാനം സാധനങ്ങൾക്കും 5% നികുതി നിരക്കിലെത്തുമെന്നും, 5% ഉം 18% ഉം മാത്രമായിരിക്കും ഇനി നികുതി സ്ലാബുകളായി ഉണ്ടാവുകയെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. പതിറ്റാണ്ടുകളായി ജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിച്ചിരുന്ന ഒക്ട്രോയ്, വിൽപ്പന നികുതി, എക്സൈസ്, വാറ്റ്, സേവന നികുതി തുടങ്ങിയ ഡസൻ കണക്കിന് നികുതികളുടെ സങ്കീർണത ഇല്ലാതാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ സംസ്ഥാനങ്ങളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും, ഇത് ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞുള്ള ഒരു നിർണായക ചുവടുവെപ്പാണെന്നും മോദി അവകാശപ്പെട്ടു.
ഈ ജിഎസ്ടി പരിഷ്കാരം ആത്മനിർഭർ ഭാരതത്തിലേക്കുള്ള യാത്രയിൽ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. രാജ്യത്തിന് ആവശ്യമായവ രാജ്യത്ത് തന്നെ നിർമിക്കാനുള്ള കഴിവ് വർധിപ്പിക്കുന്നതിനൊപ്പം, നികുതി ഘടന ലഘൂകരിച്ച് ജനങ്ങളുടെ ജീവിതം എളുപ്പമാക്കുകയാണ് ലക്ഷ്യം. ഈ മാറ്റങ്ങൾ വഴി ദൈനംദിന ആവശ്യങ്ങൾ കുറഞ്ഞ ചെലവിൽ നിറവേറ്റാനാകുമെന്നും, എല്ലാ വിഭാഗം ജനങ്ങളുടെയും ആശങ്കകൾ അഭിസംബോധന ചെയ്യാൻ ഈ പരിഷ്കാരം സഹായിക്കുമെന്നും മോദി വ്യക്തമാക്കി.