
ഡൽഹി: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കൊടും താരിഫ് ഭീഷണികൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിക്കുന്നു. ഈ മാസം അവസാനമാകും മോദി ചൈനയിലെത്തുക. 31, 1 തീയതികളിൽ ചൈനയിൽ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഗൽവാൻ സംഘർഷത്തിനു ശേഷം നരേന്ദ്ര മോദിയുടെ ആദ്യ ചൈന സന്ദർശനമാകുമിത്. കഴിഞ്ഞ വർഷം ജി 20 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയും ഷി ജിൻപിങും കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടു രാജ്യങ്ങളും അതിർത്തിയിൽ സേന പിൻമാറ്റത്തിന് അടക്കം ധാരണയുണ്ടാക്കിയിരുന്നു.
ബ്രിക്സ് രാജ്യങ്ങളോട് ഡോണൾഡ് ട്രംപ് നിലപാട് കടുപ്പിക്കുമ്പോഴാണ് ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ നരേന്ദ്ര മോദിയുടെ ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്‍റെ പേരിൽ ചൈനക്കും ഇന്ത്യക്കും ട്രംപ് വലിയ താരിഫ് ഭീഷണികളാണ് ഉയർത്തുന്നത്. ഇതടക്കമുള്ള വിഷയങ്ങൾ മോദിയുടെ ചൈന സന്ദർശനത്തിൽ ചർച്ചയാകുമെന്നുറപ്പാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കും ഈ സന്ദർശനം വേദിയാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രിയുടെ ഈ യാത്ര പ്രാദേശികവും ആഗോളവുമായ രാഷ്ട്രീയ-സാമ്പത്തിക ചലനാത്മകതയിൽ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനുള്ള ഒരു നിർണായക ചുവടുവെപ്പായിരിക്കും.