പ്രധാനമന്ത്രി നരേന്ദ്ര മോദി ജോർദാനിൽ, ഉജ്ജ്വല സ്വീകരണം; അബ്ദുള്ള രണ്ടാമൻ രാജാവുമായി കൂടിക്കാഴ്ച, ഇത്യോപ്യയും ഒമാനും സന്ദർശിക്കും

ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ആദ്യ ഘട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജോർദാനിലെത്തി. തലസ്ഥാനമായ അമ്മാനിൽ ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ത്യ-ജോർദാൻ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള സന്ദർശനമാണിത്. ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ ഇബ്നു അൽ ഹുസൈന്റെ ക്ഷണപ്രകാരം ഡിസംബർ 15 മുതൽ 16 വരെ മോദി ജോർദാനിൽ തങ്ങും. രാജാവുമായി ഏകാന്ത ചർച്ചയും പ്രതിനിധി സംഘ തലത്തിലുള്ള കൂടിക്കാഴ്ചയും നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, സുരക്ഷാ സഹകരണം, പ്രാദേശിക സമാധാനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ജോർദാനിലെ ഇന്ത്യൻ പ്രവാസികളുമായും ബിസിനസ് ഇവന്റിലും മോദി പങ്കെടുക്കും.

സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിൽ ഡിസംബർ 16 മുതൽ 17 വരെ മോദി ഇത്യോപ്യയിലെത്തും. ഇതാദ്യമായാണ് അദ്ദേഹം ഇത്യോപ്യ സന്ദർശിക്കുന്നത്. ഇത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായി വിശദ ചർച്ചകൾ നടത്തും. ഇത്യോപ്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഗ്ലോബൽ സൗത്തിലെ പങ്കാളികളായി ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിന് ഈ സന്ദർശനം പ്രധാന്യമർഹിക്കുന്നു.

പര്യടനത്തിന്റെ അവസാന ഘട്ടമായി ഡിസംബർ 17 മുതൽ 18 വരെ മോദി ഒമാനിലെത്തും. സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ ക്ഷണപ്രകാരമുള്ള ഈ സന്ദർശനം ഇന്ത്യ-ഒമാൻ നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികവുമായി ബന്ധപ്പെട്ടാണ്. രണ്ടാം തവണയാണ് മോദി ഒമാൻ സന്ദർശിക്കുന്നത്. വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഒപ്പിടാനുള്ള സാധ്യതയുമുണ്ട്. ഒമാനിലെ ഇന്ത്യൻ പ്രവാസികളുമായും മോദി കൂടിക്കാഴ്ച നടത്തും.

More Stories from this section

family-dental
witywide