അഞ്ച് രാഷ്ട്രങ്ങളിലായി നീണ്ട സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങി, വിദേശ പാര്‍ലമെന്റില്‍ മോദി നടത്തുന്ന പ്രസംഗങ്ങളുടെ എണ്ണം 17-ലേക്ക്

ന്യൂഡല്‍ഹി : അഞ്ച് രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച് വിദേശ യാത്ര പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങി. ഘാന, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ എന്നിവിടങ്ങളായിരുന്നു മോദി സന്ദര്‍ശിച്ചത്. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ഈ രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തി. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന 17-ാമത് ബ്രിക്‌സ് ഉച്ചകോടിയിലും മോദി പങ്കെടുത്തു. ആഗോള ദക്ഷിണേഷ്യയിലുടനീളം ഇന്ത്യയുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, അറ്റ്‌ലാന്റിക്കിന്റെ ഇരുവശങ്ങളിലും പങ്കാളിത്തം ശക്തിപ്പെടുത്തുക, ബ്രിക്‌സ്, ആഫ്രിക്കന്‍ യൂണിയന്‍, ഇക്കോവാസ്, കാരികോം തുടങ്ങിയ ബഹുരാഷ്ട്ര വേദികളിലെ ഇടപെടലുകള്‍ ശക്തിപ്പെടുത്തുക എന്നിവയായിരുന്നു ഈ സന്ദര്‍ശനങ്ങളുടെ ലക്ഷ്യം.

വ്യാപാര പങ്കാളിത്തം, നിക്ഷേപ അവസരങ്ങള്‍, കൃഷി, സാങ്കേതികവിദ്യ, പ്രതിരോധം തുടങ്ങിയ മേഖലകളിലെ സഹകരണം എന്നിവ കേന്ദ്രീകരിച്ചായിരുന്നു അര്‍ജന്റീനയിലും ബ്രസീലിലും നടന്ന പ്രധാന ചര്‍ച്ചകള്‍. ബ്രിക്‌സ് ഉച്ചകോടിയില്‍, ആഗോള സാമ്പത്തിക ഭരണം, സുസ്ഥിര വികസനം, ബഹുമുഖ സ്ഥാപനങ്ങളിലെ പരിഷ്‌കാരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഉന്നതതല സംഭാഷണങ്ങളില്‍ പ്രധാനമന്ത്രി മോദി പങ്കാളിയായി.

ശേഷി വികസനം, അടിസ്ഥാന സൗകര്യ പദ്ധതികള്‍, വിദ്യാഭ്യാസ പങ്കാളിത്തം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സൗഹൃദപരമായ ചര്‍ച്ചകളിലാണ് ഘാനയിലും നമീബിയയിലും മോദി നടത്തിയത്. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദര്‍ശനം കരീബിയന്‍ മേഖലയിലെ ഇന്ത്യയുടെ ദീര്‍ഘകാല സാംസ്‌കാരികവും ജനങ്ങള്‍ തമ്മിലുള്ളതുമായ ബന്ധങ്ങളെ ശക്തിപ്പെടുത്തി.

അതേസമയം, ഇക്കുറിയും വിവിധ വിദേശ രാജ്യങ്ങള്‍ തങ്ങളുടെ പരമോന്നത ബഹുമതി മോദിക്ക് സമ്മാനിച്ചിരുന്നു. ബ്രസീല്‍, നമീബിയ, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്നീ രാജ്യങ്ങള്‍ പ്രധാനമന്ത്രി മോദിക്ക് അവരുടെ പരമോന്നത സിവിലിയന്‍ ബഹുമതികളായ ‘ഗ്രാന്‍ഡ് കോളര്‍ ഓഫ് ദി നാഷണല്‍ ഓര്‍ഡര്‍ ഓഫ് ദി സതേണ്‍ ക്രോസ്’, ‘ഓര്‍ഡര്‍ ഓഫ് ദി മോസ്റ്റ് ഏന്‍ഷ്യന്റ് വെല്‍വിച്ചിയ മിറാബിലിസ്’, ‘ഓര്‍ഡര്‍ ഓഫ് ദി റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ’ എന്നിവ നല്‍കി ആദരിച്ചു.

ഇതോടെ, 2014 മെയ് മാസത്തില്‍ അധികാരമേറ്റതിനുശേഷം പ്രധാനമന്ത്രി മോദിക്ക് വിദേശ സര്‍ക്കാരില്‍ നിന്നും 27 അന്താരാഷ്ട്ര ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ഈ വിദേശ സന്ദര്‍ശനത്തിനിടെ മറ്റൊരു റെക്കോര്‍ഡ് കൂടി മോദി തന്റേ പേരില്‍ എഴുതിച്ചേര്‍ത്തു. വിദേശ പാര്‍ലമെന്റില്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന പ്രസംഗങ്ങളുടെ എണ്ണം 17 ആയി. കോണ്‍ഗ്രസ് പ്രധാനമന്ത്രിമന്ത്രിമാരെല്ലാവരും നടത്തിയ പ്രസംഗങ്ങള്‍ ആകെ പതിനേഴാണ്. കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിംഗ് (7), ഇന്ദിരാഗാന്ധി (4), ജവഹര്‍ലാല്‍ നെഹ്റു (3), രാജീവ് ഗാന്ധി (2), പി വി നരസിംഹ റാവു (1) എന്നിവര്‍ ഒരുമിച്ച് നടത്തിയ 17 പ്രസംഗങ്ങള്‍, മോദി ഒറ്റയ്ക്ക് നടത്തി.

More Stories from this section

family-dental
witywide