
തിരുവനന്തപുരം : വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പിഎം ശ്രീ പദ്ധതിയില്‍ സിപിഎം, സിപിഐ തര്‍ക്കങ്ങള്‍ കെട്ടടങ്ങുന്നു. പിഎം ശ്രീ ധാരണാപത്രം റദ്ദാക്കുക എന്ന സി.പി.ഐയുടെ ആവശ്യത്തിന് മുന്നില്‍ സി പി എമ്മും സര്‍ക്കാരും കീഴടങ്ങും. കരാര്‍ തത്കാലത്തേക്ക് മരവിപ്പിക്കാന്‍ നീക്കംതുടങ്ങി. പദ്ധതിയില്‍ ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയക്കും. കേന്ദ്രത്തില്‍നിന്ന് തീരുമാനം വരുന്നത് വരെ പദ്ധതി മരവിപ്പിച്ചേക്കും.
ഇന്നു രാവിലെ എ കെ ജി സെന്ററില്‍ നടന്ന സി പി എമ്മിന്റെ അവെയലബിള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. പിഎം ശ്രീയില്‍നിന്നു പിന്‍മാറുന്നുവെന്നു കാട്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു കത്തു നല്‍കണമെന്ന ഉപാധിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു സിപിഐ.
കേന്ദ്രത്തിന് അയയ്ക്കാന്‍ ഉദ്ദേശിക്കുന്ന കത്തിന്റെ കരട് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി സി പി ഐ നേതൃത്വത്തിനു കൈമാറിയെന്നാണ് വിവരം. ഈ കരട് സി പി ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും.
PM Shri controversy ; contract may be frozen for the time being, Kerala government to write to the Center seeking project relaxation.















