
തിരുവനന്തപുരം: പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ഏഴംഗ മന്ത്രിസഭാ ഉപസമിതി പദ്ധതി വിശദമായി പരിശോധിക്കുമെന്നും സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതുവരെ പദ്ധതി മരവിപ്പിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രത്തെ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 7 അംഗ മന്ത്രി സഭാ ഉപ സമിതിയാകും പദ്ധതി പരിശോധിക്കുക. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാകും അധ്യക്ഷൻ. മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, പി രാജീവ്, പി പ്രസാദ്, കെ കൃഷ്ണൻ കുട്ടി, എ കെ ശശീന്ദ്രൻ എന്നിവരാണ് അംഗങ്ങൾ. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) തിടുക്കപ്പെട്ട് നടപ്പാക്കുന്നതിൽ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന് പിന്നാലെ ആദ്യ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. ഇത് ഇടതുപക്ഷ ഐക്യത്തിന്റെ വിജയമാണെന്നും വിജയപരാജയങ്ങളുടെ കണക്കെടുക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐയുടെ കടുത്ത നിലപാടാണ് പിഎംശ്രീ മരവിപ്പിക്കലിന് കാരണമായത്. ബുധനാഴ്ച വൈകീട്ടത്തെ മന്ത്രിസഭാ യോഗത്തിന് മുമ്പ് സിപിഐ മന്ത്രിമാർ വിട്ടുനിൽക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ, മരവിപ്പിക്കൽ നീക്കം വന്നതോടെ അവർ യോഗത്തിൽ പങ്കെടുത്തു. ഈ തീരുമാനം എൽഡിഎഫിന്റെയും ഇടതുപക്ഷ ആശയത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിജയമാണെന്ന് ബിനോയ് വിശ്വം ആവർത്തിച്ചു. സിപിഎമ്മും സർക്കാരും ഒത്തൊരുമിച്ചുള്ള നടപടിയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


 
 
 
 








 
					 
					 
					 
					





