കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചതോടെ സംസ്ഥാനത്തെ സ്കൂളുകളിൽ ഇനി ഹെഡ്ഗേവാറിനെയും വീർ സവർക്കറിനെയും കുറിച്ച് പഠിപ്പിക്കുമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പഠിക്കാൻ താത്പര്യമില്ലാത്തവർക്ക് അത് നിർബന്ധമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ പൂർണമായി നടപ്പാക്കുമെന്നും കരിക്കുലം പരിഷ്കരണത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടാകുമെന്നും സുരേന്ദ്രൻ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
പിഎം ശ്രീ പദ്ധതിയുടെ കരാറിൽ ഒപ്പുവെച്ചതിന് പിന്നിൽ എന്തെങ്കിലും “ഡീൽ” ഉണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഈ കരാർ സംബന്ധിച്ച് സിപിഎം മന്ത്രിമാർക്ക് പോലും വിവരമില്ലെന്നും മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും മാത്രമാണ് ഇക്കാര്യം അറിഞ്ഞിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രാധാന്യം ശിവൻകുട്ടിക്ക് മനസ്സിലായെന്നും പിണറായിക്കും ഇത് ഉടൻ മനസ്സിലാകുമെന്നും സുരേന്ദ്രൻ പരിഹസിച്ചു.
സിപിഐയുടെ വിമർശനങ്ങളെ “കുരയ്ക്കും, പക്ഷേ കടിക്കില്ല” എന്ന് പരിഹസിച്ച സുരേന്ദ്രൻ, ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ബിജെപിയുടെ രാപ്പകൽ സെക്രട്ടേറിയറ്റ് ഉപരോധത്തിൽ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി. തന്നെയും വി. മുരളീധരനെയും ഒരുമിച്ച് “കെട്ടേണ്ട” എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് സൂചന.












