പുടിന്‍റെ ജന്മദിനത്തിൽ മോദിയുടെ ഫോൺ കോൾ, ജന്മദിനാശംസക്കൊപ്പം ഇന്ത്യയുമായുള്ള ബന്ധം ദൃഢപ്പെടുത്താമെന്നും സന്ദേശം; ‘റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കണം’

ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ 73-ാം ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോൺ വിളിച്ച് ആശംസകൾ നേർന്നു. പുടിന് ജന്മദിനാശംസകൾ നേരുന്നതിനൊപ്പം ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്താമെന്ന സന്ദേശവും മോദി കൈമാറി. യുക്രെയ്ൻ സംഘർഷവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുടിൻ മോദിയുമായി പങ്കുവെച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘർഷത്തിന് സമാധാനപരമായ പരിഹാരം വേണമെന്ന് മോദി പുടിനോട് ഊന്നിപ്പറഞ്ഞു.

ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി പുടിനെ ക്ഷണിച്ചു. കഴിഞ്ഞ ആഴ്ച പുടിൻ ഇന്ത്യ സന്ദർശനം സ്ഥിരീകരിച്ചിരുന്നു. 2021ന് ശേഷം ഇതാദ്യമായാണ് പുടിൻ ഇന്ത്യയിലേക്ക് എത്തുന്നത്.
ഉച്ചകോടിയിൽ റഷ്യയിൽനിന്ന് എസ്-400 വ്യോമപ്രതിരോധ സംവിധാനം കൂടുതൽ വാങ്ങുന്നതിനെക്കുറിച്ച് തീരുമാനമുണ്ടായേക്കും. ഇന്ത്യ-റഷ്യ സൗഹൃദത്തിന്റെ ഭാഗമായി നടക്കുന്ന ഈ സന്ദർശനം, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ദൃഢമാക്കുമെന്നാണ് പ്രതീക്ഷ.