
പ്രധാനമന്ത്രി നരേന്ദ്ര മോദി അരുണാചൽ പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങൾ നാളെ സന്ദർശിക്കും. ഏകദേശം 5,100 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് ഈ സന്ദർശനത്തിൽ അദ്ദേഹം തുടക്കമിടും. അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ നടക്കുന്ന ചടങ്ങിൽ 3,700 കോടിയിലധികം രൂപയുടെ രണ്ട് പ്രധാന ജലവൈദ്യുത പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. കൂടാതെ തവാങ്ങിൽ ഒരു അത്യാധുനിക കൺവെൻഷൻ സെന്ററിനും പ്രധാനമന്ത്രി തറക്കല്ലിടും.
9,820 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം ഭാവിയിൽ ദേശീയ അന്തർദേശീയ സമ്മേളനങ്ങൾ, സാംസ്കാരിക പരിപാടികൾ, പ്രദർശനങ്ങൾ എന്നിവയ്ക്ക് വേദിയാകും. 1,500-ൽ അധികം പ്രതിനിധികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ കേന്ദ്രം മേഖലയിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കും.
ത്രിപുരയിൽ മാതാബാരിയിലെ പ്രസിദ്ധമായ മാതാ ത്രിപുര സുന്ദരി ക്ഷേത്രത്തിൽ പൂജയും ദർശനവും നടത്തിയ ശേഷം പ്രസാദ് (PILGRIMAGE REJUVENATION AND SPIRITUAL HERITAGE AUGMENTATION DRIVE) പദ്ധതിയുടെ ഭാഗമായി ക്ഷേത്ര സമുച്ചയത്തിന്റെ വികസന പ്രവർത്തനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
കൂടാതെ കണക്റ്റിവിറ്റി, ആരോഗ്യം, അഗ്നി സുരക്ഷ തുടങ്ങിയ വിവിധ മേഖലകളിലായി 1,290 കോടിയിലധികം രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കമിടും. പ്രാദേശിക നികുതിദായകർ, വ്യാപാരികൾ, വ്യവസായ പ്രതിനിധികൾ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.