
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച പശ്ചിമ ബംഗാളിലും ബീഹാറിലും സന്ദര്‍ശനം നടത്തും. കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി സൈന്യത്തിന്റെ സംയുക്ത കമാന്റര്‍മാരുടെ 16-ാമത് കോണ്‍ഫറന്‍സ് രാവിലെ 9:30 ന് ഉദ്ഘാടനം ചെയ്യും.
കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ കൊല്‍ക്കത്തയില്‍ എത്തി.
സംയുക്ത കമാന്റര്‍മാരുടെ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള ആദ്യ കോണ്‍ഫറന്‍സ് ആണിത്.
ഉച്ചക്ക് ശേഷം ബീഹാറിലേക്ക് തിരിക്കുന്ന മോദി പൂര്‍ണിയ ജില്ലയില്‍ 36000 കോടിയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. ബീഹാറിലെ ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ നിക്ഷേപമായ ഭഗല്‍പൂരിലെ പിര്‍പൈന്തിയില്‍ 25,000 കോടി രൂപയുടെ 3ഃ800 മെഗാവാട്ട് താപവൈദ്യുത പദ്ധതിക്കും തറക്കല്ലിടും. അള്‍ട്രാ-സൂപ്പര്‍ ക്രിട്ടിക്കല്‍, ലോ-എമിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്ത ഈ വൈദ്യുതി പദ്ധതി ബീഹാറിന്റെ ഊര്‍ജ്ജ സുരക്ഷയെ ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പുതുതായി വികസിപ്പിച്ച വിമാനത്താവള ടെര്‍മിനലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൂടാതെ, ബീഹാറിലുടനീളം റെയില്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി ഒന്നിലധികം റെയില്‍ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്യുകയും ചെയ്യും. പൊതുയോഗത്തിലും മോദി സംസാരിക്കും.