പ്രധാനമന്ത്രിയുടെ വിദേശ യാത്ര ജൂലൈ 2 മുതൽ; ബ്രിക്സ് ഉച്ചകോടി യാത്രാമധ്യേ സന്ദർശിക്കുന്നത് അഞ്ച് രാജ്യങ്ങൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്നു. സന്ദർശന യാത്ര ജൂലൈ 2 മുതൽ ആരംഭിക്കും. ബ്രസീലിലേക്ക് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകുന്ന യാത്രാമധ്യേയാണ് മറ്റു രാജ്യങ്ങളിലെ സന്ദർശനം. ഉച്ചകോടിയിലേക്ക് പോകും വഴി ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന എന്നീ രാജ്യങ്ങളും മടക്കയാത്രയിൽ നമീബിയയും സന്ദർശിക്കും. ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, നമീബിയ എന്നീ രാജ്യങ്ങളിലേക്കുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്.

ബ്രസീൽ ഉച്ചകോടിയിൽ ആഗോള ഭരണ പരിഷ്കരണം, സമാധാനവും സുരക്ഷയും, ബഹുമുഖവാദം ശക്തിപ്പെടുത്തൽ, കൃത്രിമബുദ്ധിയുടെ ഉത്തരവാദിത്ത ഉപയോഗം, കാലാവസ്ഥാ നടപടി, ആഗോള ആരോഗ്യം, സാമ്പത്തികവും ധനകാര്യവുമായ കാര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന ആഗോള വിഷയങ്ങളിൽ പ്രധാനമന്ത്രി കാഴ്ചപ്പാടുകൾ കൈമാറുമെന്ന് സർക്കാർ അറിയിച്ചു.

ഉച്ചകോടിക്കിടെ മോദി നിരവധി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്താനും സാധ്യതയുണ്ട്. പിന്നീട് ബ്രസീലിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി ബ്രസീലിയയിലേക്ക് യാത്രതിരിക്കും. അവിടെ അദ്ദേഹം പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ദ സിൽവയുമായി വ്യാപാരം, പ്രതിരോധം, ഊർജം, ബഹിരാകാശം, സാങ്കേതികവിദ്യ, കൃഷി, ആരോഗ്യരംഗം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ ഉൾപ്പെടെ പരസ്പര താല്പര്യമുള്ള മേഖലകളിൽ രണ്ട് രാജ്യങ്ങൾക്കിടയിൽ സാമൂഹിക പങ്കാളിത്തം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ഇരു രാജ്യങ്ങളും ദേശീയ ചര്‍ച്ചകൾ നടത്തുമെന്നും സർക്കാർ അറിയിച്ചു.

മോദിയുടെ അർജന്റീന സന്ദർശനം പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, പുനരുപയോഗ ഊർജ്ജ വ്യാപാരം, നിക്ഷേപം എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ ഇന്ത്യ-അർജന്റീന പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് സഹായകമാണെന്നും സർക്കാർ പറയുന്നു.