പാലക്കാടിനെ നടുക്കി യുവാക്കൾ, പ്രണയം നിരസിച്ച യുവതിയുടെ വീട്ടിലേക്ക് ബോംബെറിഞ്ഞു, മഴ രക്ഷയായി, രണ്ടുപേരും പിടിയിൽ

പാലക്കാട്: കുന്നത്തൂരിൽ 17 വയസ്സുകാരിയുടെ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. പുതുശേരി സ്വദേശി രാഹുലും തോലന്നൂർ സ്വദേശി അഖിലുമാണ് അറസ്റ്റിലായത്. പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തെ തുടർന്നാണ് ഇവർ ബോംബെറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. ബൈക്കിലെത്തിയ പ്രതികൾ വീടിന്റെ ജനൽചില്ല് തകർത്ത ശേഷം പെട്രോൾ ബോംബ് കത്തിച്ച് അകത്തേക്ക് എറിയുകയായിരുന്നു. എന്നാൽ, മഴ കാരണം തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.ആക്രമണത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതികളെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പിടികൂടിയത്. അറസ്റ്റിലായവരിൽ ഒരാൾ ലഹരി കേസുകളിൽ ഉൾപ്പെട്ട പ്രതിയാണെന്ന് പൊലീസ് വെളിപ്പെടുത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

More Stories from this section

family-dental
witywide